തിരുവനന്തപുരം: കേരള സർവകലാശാല യൂണിയനെ വെസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അസാധുവാക്കി. യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചു. ഇതോടെ നിലവിലെ യൂണിയൻ അസാധുവാകും. ഈ മാസം 28 വരെയായിരുന്നു യൂണിയന്റെ കാലാവധി. എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. വിസിയുടേത് പ്രതികാര നടപടിയാണെന്ന് എസ്എഫ്ഐ ആരോപിച്ചു.
അതേസമയം നിലവിലെ യൂണിയന്റെ കാലാവധി തീരുന്നത് കണക്കിലെടുത്താണ് നടപടിയെന്നാണ് സർവകലാശാല അധികൃതർ വിശദീകരിക്കുന്നത്. വിസിയുടെ നീക്കം കലോത്സവം തടയാനാണെന്ന് എസ്എഫ്ഐ ആരോപിച്ചു. ജനാധിപത്യപരമായി വിദ്യാർഥികൾ തെരഞ്ഞെടുത്ത യൂണിയനെയാണ് ജനാധിപത്യ വിരുദ്ധമായി അസാധുവാക്കിയത്. ഇത് സർവകലാശാലയിലെ വിദ്യാർഥികളുടെ അവകാശത്തെ നിഷേധിക്കലാണ്. വിസി മോഹനൻ കുന്നുമ്മൽ ഇരിക്കുന്ന സ്ഥാനത്തോട് നീതി പുലർത്താത്ത ആളാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.
അതിനിടെ, കേരള സർവകലാശാല ആസ്ഥാനത്ത് വെസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചു. പൊലീസും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ബാരിക്കേഡും ജലപീരങ്കിയും മറികടന്നെത്തിയ പ്രതിഷേധക്കാർ രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ സംഘടിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കുന്നില്ല, കായിക വിദ്യാർഥികൾക്ക് ടിഎ നൽകുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് വിസിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചത്. രാവിലെ കവാടത്തിനു മുന്നിൽ ബാരിക്കേഡ് വച്ച് തടയാൻ ശ്രമിച്ചെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ആസ്ഥാനം കയ്യടക്കുകയായിരുന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാർ രജിസ്ട്രാറുടെ ഓഫിസിനു മുന്നിലും വിസിയുടെ ചേംബറിനു മുന്നിലും എത്തിയിരുന്നു.
