കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ താത്പര്യം അറിയിച്ച് മറിയ ഉമ്മൻ, നേതാക്കളോട് സംസാരിച്ചു; റിപ്പോർട്ട്

 


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ താത്പര്യം അറിയിച്ചതായി സൂചന. കാഞ്ഞിരപ്പള്ളിയിലെ സഭാ സമുദായ നേതാക്കൾക്ക് താൻ മത്സരിക്കുന്നതിൽ സന്തോഷമാണെന്ന് മറിയം ഉമ്മൻ നേതാക്കളെ അറിയിച്ചെന്നാണ് റിപ്പോർട്ട്. എകെ ആന്റണി ഉൾപ്പെടെ മറിയം ഉമ്മനെ ഫോണിൽ വിളിച്ച് സംസാരിച്ചതായാണ് വിവരം.


തെരഞ്ഞെടുപ്പിൽ മറിയ ഉമ്മൻ മത്സരിക്കുമെന്ന് നേരത്തേയും അഭ്യൂഹങ്ങളുണ്ടായിരുന്നു. കോട്ടയത്തിന് പുറത്തുള്ള മണ്ഡലങ്ങളിലേക്കും പരിഗണിക്കുന്നുവെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ ഒടുവിൽ കാഞ്ഞിരപ്പള്ളിയിലേക്ക് തന്നെ ചർച്ചകൾ എത്തിയിരിക്കുകയാണ്.


കാത്തിരപ്പിള്ളിയിൽ താൻ മത്സരിച്ചാൽ സഭാ നേതാക്കളുടെ ഭാഗത്തു നിന്ന് പിന്തുണ ലഭിക്കുമെന്ന് മറിയ ഉമ്മൻ നേതാക്കളെ അറിയിച്ചതായാണ് വിവരം. മറിയ ഉമ്മനെ കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുവരുമ്പോൾ കെട്ടിയിറക്കുന്ന സ്ഥാനാർഥിയെന്ന തരത്തിൽ എതിർപ്പുകളും ശക്തമാണ്.


അതേസമയം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പൂർണമായി തള്ളാതെയാണ് മറിയയുടെ പ്രതികരണം. പാർട്ടി ആവശ്യപ്പെട്ടാൽ ആലോചിച്ച് തീരുമാനിക്കുമെന്നാണ് മറിയ ഉമ്മൻ വാർത്തകളോട് പ്രതികരിക്കുന്നത്. 'നിലവിലെ സാഹചര്യത്തിൽ തന്റെ കരിയറും മുന്നിലുള്ള സാമൂഹ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് പദ്ധതി. സ്ഥാനാർഥിയാകണമെന്ന ഒരു ആവശ്യവുമായി വരികയാണെങ്കിൽ ആ സമയത്ത് എല്ലാവരുമായും ചിന്തിച്ച് കുടുംബവുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കും' എന്നായിരുന്നു മറിയ ഉമ്മന്റെ പ്രതികരണം.


നിലവിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ മറിയ ഉമ്മനെ ഇറക്കി തിരിച്ചു പിടിക്കാമെന്നാണ് പ്രതീക്ഷ. 2011 മുതൽ തുടർച്ചയായി കേരള കോൺഗ്രസ് എമ്മിന്റെ പ്രൊഫ എൻ ജയരാജാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എംഎൽഎ. എൻഡിഎ സ്ഥാനാർത്ഥിയായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ കൂടി മത്സരത്തിനിറങ്ങിയാൽ മണ്ഡലത്തിൽ മത്സരം കടുക്കും.

Previous Post Next Post