'അതിവേഗം മുന്നോട്ടു തന്നെ'; ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരന്‍

മലപ്പുറം: കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ ശ്രീധരൻ ഓഫീസ് തുറന്നു. പൊന്നാന്നിയിലാണ് ശ്രീധരൻ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.


അതിവേഗ റെയിൽപാതയ്ക്കായി ഡിപിആർ തയ്യാറാക്കി മുന്നോട്ടു പോകുമെന്ന് അവകാശപ്പെട്ടാണ് ശ്രീധരൻ ഓഫീസ് തുറന്നിട്ടുള്ളത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആർ തയ്യാറാക്കാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരൻ പറയുന്നത്.


ഇന്നുമുതൽ ഓഫീസ് ജോലി ആരംഭിക്കുകയാണെന്ന് ഉദ്ഘാടനശേഷം ഇ ശ്രീധരൻ പറഞ്ഞു. നാട്ടുകാർക്ക് ക്ലേശകരമായ ഒന്നും ചെയ്യരുതെന്നാണ് തന്റെ നിലപാട്. ഡിപിആർ ആദ്യമായിട്ട് തയ്യാറാക്കുന്ന ആളല്ല താൻ. ഏറ്റവും ക്ലേശകരമായ കൊങ്കൺ റെയിൽവേയുടെ ഡിപിആർ ഉണ്ടാക്കിയ ആളാണ്. ഫീൽഡ് വർക്ക് മഴ വരുന്ന ജൂൺ ഒന്നിന് മുമ്പ് തീർക്കണമെന്നാണ് ആഗ്രഹിക്കുന്നത്.


അലൈൻമെന്റ്, ഏതൊക്കെ സ്റ്റേഷനുകൾ തുടങ്ങിയ കാര്യങ്ങളിൽ പ്ലാനുണ്ടാക്കും. 22 സ്റ്റോപ്പുകൾ ഉണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സർവേ തുടങ്ങുന്നതിനു മുമ്പ് നാട്ടുകാരെ ബോധ്യപ്പെടുത്തി പദ്ധതിക്ക് അനുകൂലമാക്കിയെടുക്കണം. ഇതിനായി നാട്ടുകാരെ ബോധവത്കരണം നടത്തും. തുടർന്ന് ലാൻഡ് അക്വിസിഷൻ അടക്കമുള്ള കാര്യങ്ങളിൽ പരിശോധന നടത്തുമെന്നും ഇ ശ്രീധരൻ പറഞ്ഞു.


എന്നാൽ ശ്രീധരന്റെ അതിവേഗ റെയിൽവേപാത സംബന്ധിച്ച് റെയിൽവേമന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങൾക്ക് പദ്ധതി സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽവേ ഇടനാഴികളിൽ കേരളം ഉൾപ്പെട്ടിരുന്നില്ല.


അതേസമയം, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് വാർത്താ സമ്മേളനം നടത്തുന്നുണ്ട്. കേരളത്തിലെ റെയിൽ പദ്ധതികൾ സംബന്ധിച്ച് കേന്ദ്രമന്ത്രി വിശദീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിനായി പല പദ്ധതിനിർദേശങ്ങൾ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ചിരുന്നു.

Previous Post Next Post