തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. നടൻറെ വാഹനം വേഗത കുറച്ച് റോഡിലേക്ക് ഇൻഡിക്കേറ്ററിട്ട് ഇറങ്ങി വരുമ്പോൾ അതിവേഗതയിൽ വരുന്ന ബൈക്ക് കാറിൽ ഇടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. തെറിച്ചു വീണ യുവാക്കൾ റോഡിൽ ഇരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും ഇറങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.
ഒരു കാറും രണ്ട് ബൈക്കുകളും കടന്നു പോയതിനു ശേഷമാണ് മണിയൻപിള്ള രാജു കാർ സാവധാനം റോഡിലേക്ക് ഇറക്കുന്നത്. വെള്ളയമ്പലത്തു നിന്നും വഴുതക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കളുടെ ബൈക്കാണ് ഇടിക്കുന്നത്. അപകടത്തിൽപ്പെട്ട ബൈക്കിനു പിന്നാലെയെത്തിയ സ്കൂട്ടർ കാർ കണ്ട് നിർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. അപകടം ഉണ്ടായ ശേഷം മണിയൻപിള്ള രാജു വാഹനം നിർത്താതെ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
മണിയൻപിള്ള രാജുവിന്റെ കാറിന്റെ മുൻവശത്തെ ബമ്പർ പൂർണമായും ഇളകിത്തെറിക്കുന്നതും ദൃശ്യത്തിലുണ്ട്. അപകടത്തിൽപ്പെട്ട വോൾവോ കാർ പിന്നീട് പൊലീസ് കണ്ടെത്തി. ടെന്നീസ് ക്ലബ്ബിൻറെ പിന്നിൽ നിന്നാണ് മണിയൻപിള്ള രാജുവിൻറെ കാർ കണ്ടെത്തിയത്. തങ്ങളുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് മണിയൻപിള്ള രാജു വാഹനം നിർത്താതെ പോയെന്നാണ് യുവാക്കളുടെ മൊഴി. കാർ വന്നിടിക്കുകയായിരുന്നുവെന്നും, ഇടിച്ചിട്ട ശേഷം ബൈക്കിനെ കുറേദൂരം കാർ നിരക്കി പോയിയെന്നും പരിക്കേറ്റ യുവാക്കൾ പറയുന്നു.
എന്നാൽ കാറിലേക്ക് ബൈക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് നടൻ പൊലീസിനോട് പറഞ്ഞത്. അപകടത്തെത്തുടർന്ന് പേടിച്ചു പോയെന്നും അതിനാലാണ് നിർത്താതെ പോയതെന്നും നടൻ പൊലീസിനോടു പറഞ്ഞു. താൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നും, മദ്യപിച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി. രാവിലെ 9.30 ഓടെ നടൻ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയും നടത്തി. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
