തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോൺഗ്രസ് നിലപാട്. ഇതേത്തുടർന്ന് അയോഗ്യനാക്കുന്ന നടപടിയെ എതിർക്കാൻ യുഡിഎഫ് തീരുമാനിച്ചു. എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. റോജി എം ജോൺ, യു എ ലത്തീഫ് എന്നിവരാണ് എത്തിക്‌സ് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങൾ.
യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു എന്നതുകൊണ്ട് ഒരാളെ അയോഗ്യനാക്കുന്നത് ശരിയല്ല. മുകേഷ് അടക്കം പല എംഎൽഎമാരും പല കേസുകളിലും പ്രതികളാണ്. അതുകൊണ്ടുതന്നെ പ്രതിയായി എന്നതിനാൽ ഒരാളെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കപ്പെടും. ഭാവിയിൽ ഇത് ദുരുപയോഗം ചെയ്യാൻ ഇടയാക്കുമെന്നും യുഡിഎഫ് വിലയിരുത്തുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന സമീപനമല്ല, മറിച്ച് ഇത്തരമൊരു നടപടി ഉണ്ടാക്കുന്ന കീഴ് വഴക്കത്തെയാണ് എതിർക്കുന്നതെന്ന് കോൺഗ്രസ് സൂചിപ്പിക്കുന്നു. ഇതൊരു കീഴ് വഴക്കമായാൽ, നിയമസഭയിൽ എത്തിക്‌സ് കമ്മിറ്റിയിൽ ഭൂരിപക്ഷമുള്ള പാർട്ടിക്ക് ദുരുപയോഗത്തിന് വഴിതെളിക്കുമെന്നുമാണ് വിലയിരുത്തൽ. ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതാണെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കുന്നു.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎം എംഎൽഎ ഡി കെ മുരളിയാണ് സ്പീക്കർക്ക് പരാതി നൽകിയത്. ഈ പരാതി സ്പീക്കർ നിയമസഭ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. പരാതിയിൽ ആ മാസം 23 ന് ഡി കെ മുരളിയെ എത്തിക്‌സ് കമ്മിറ്റി കേൾക്കും. അതിനുശേഷം രാഹുൽ മാങ്കൂട്ടത്തിലിനെയും സമിതി കേൾക്കും. രാഹുലിനെതിരെയുള്ള ഗുരുതര ആരോപണങ്ങളും കേസുകളും നിയമസഭാംഗം എന്ന നിലയിൽ സഭയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതാണെന്നുമാണ് പരാതിയിൽ പറയുന്നത്.
