സിൽവർലൈൻ പ്രായോഗികമല്ല, സംസ്ഥാനത്തിന് താൽപ്പര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാം: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

 


ന്യൂഡൽഹി: സിൽവർലൈൻ പദ്ധതി പ്രായോഗികമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനിവൈഷ്ണവ്. കെ റെയിൽ പദ്ധതി വലിയ പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്നതാണ്. അതിനാൽ നടപ്പാക്കാനാകില്ല. സംസ്ഥാനത്തിന് താൽപ്പര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. രാജ്യസഭയിൽ ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.


റെയിൽവേ പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരെ സഹകരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. പദ്ധതിക്കായി 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്ത് നൽകിയത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർആർടിഎസോ, ഇ ശ്രീധരന്റെ പദ്ധതിയോ, ഏതെങ്കിലും പരിഗണനയ്ക്കായി കേന്ദ്രസർക്കാരിന്റെ മുന്നിലുണ്ടോയെന്നായിരുന്നു ഹാരിസ് ബീരാൻ ചോദിച്ചിരുന്നത്.


അതിവേഗ റെയിൽ പദ്ധതിക്കായി ഇ ശ്രീധരൻ ഓഫീസ് തുറന്നതിനെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്വാഗതം ചെയ്തു. റെയിൽവേയെക്കുറിച്ചും സാങ്കേതിക വിഷയത്തിലും ജ്ഞാനമുള്ള വ്യക്തിയാണ് ഇ ശ്രീധരൻ. ശ്രീധരൻ എന്നല്ല ആരായാലും റെയിൽവേ വികസനത്തിന് മുന്നിലേക്ക് വന്നാൽ അവരെ റെയിൽവേ മന്ത്രാലയം സ്വാഗതം ചെയ്യുന്നു. ശ്രീധരന്റെ ഇത്തരത്തിലുള്ള നടപടികളെ സർക്കാർ സ്വാഗതം ചെയ്യുകയാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.


അങ്കമാലി ശബരി പാതയുടെ കാര്യത്തിൽ ഇപ്പോൾ സംസ്ഥാന സർക്കാർ മുന്നോട്ടു വന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാകുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിമർശനം ഉന്നയിച്ചു. ഇ ശ്രീധരൻ ഹൈ സ്പീഡ് റെയിലിനായി മലപ്പുറത്ത് ഓഫീസ് തുറന്നതും, പദ്ധതിയുമായി മുന്നോട്ടു പോകുന്നതും കേന്ദ്രമന്ത്രിയുടെ അറിവോടെയാണോ എന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെങ്കിലും ഹൈ സ്പീഡ് റെയിൽ പദ്ധതിയുമായി ഇ ശ്രീധരൻ മുന്നോട്ടു പോകുകയാണ്.

Previous Post Next Post