പത്തനംതിട്ട: ആഗോള സംഗമത്തിന്റെ കണക്കുകളിൽ പിഴവു സംഭവിച്ചുവെന്ന് സമ്മതിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് യോഗം വിശദമായി പരിശോധിച്ചു. സമയപരിധി പാലിക്കണം എന്നതിനാൽ ഓഡിറ്റ് റിപ്പോർട്ട് മാത്രമാണ് കോടതിയിൽ സമർപ്പിച്ചത്. സത്യവാങ്മൂലം ബോർഡ് നൽകിയിട്ടില്ല. ഓഡിറ്റ് റിപ്പോർട്ട് അന്തിമമായ റിപ്പോർട്ടായി ഈ ദേവസ്വം ബോർഡ് കരുതുന്നില്ല. ആ റിപ്പോർട്ടിന്മേൽ ഇനിയും കൂടുതൽ തിരുത്തലുകൾ വരുത്താനുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു.
ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം ഉണ്ടായില്ല. അതുകൊണ്ടാണ് ബോർഡിനെതിരെ പ്രതികൂലമായ പരാമർശങ്ങൾ ഉണ്ടായത്. അത് ഓഡിറ്ററുടെ കുറ്റമല്ല. ഓഡിറ്ററുടെ ചോദ്യങ്ങൾക്ക് ബോർഡിൽ നിന്നും കൃത്യമായ മറുപടി നൽകാതിരുന്നതാണ് കുഴപ്പമായത്. പല നടപടികളും എടുക്കേണ്ടത് ബോർഡിനുള്ളിൽ തന്നെയാണ്. ബില്ലുകൾ പരിശോധിക്കുക അടക്കമുള്ള നടപടികൾ ചെയ്യേണ്ടതുണ്ട്. ഓഡിറ്റ് റിപ്പോർട്ടിലെ പല പരാമർശങ്ങളും ബോർഡ് വിശദമായ മറുപടി നൽകുമ്പോൾ മാറുമെന്ന് കെ ജയകുമാർ പറഞ്ഞു.
ഓഡിറ്റർക്ക് സമയോചിതമായി ബോർഡിൽ നിന്നും മറുപടി നൽകാതിരുന്നതു കൊണ്ടുള്ള വീഴ്ചയാണ് സംഭവിച്ചത്. ഈ മാസം 27 നാണ് കോടതി കേസ് പരിഗണിക്കുന്നത്. അതിനു മുമ്പ് യുദ്ധകാലാടിസ്ഥാനത്തിൽ തെറ്റു തിരുത്തൽ നടത്താൻ ബോർഡ് യോഗം തീരുമാനിച്ചു. അതിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ദേവസ്വം കമ്മീഷണർ, അക്കൗണ്ട്‌സ് ഓഫീസർ, ചീഫ് എഞ്ചിനീയറും അടങ്ങുന്ന ടാസ്‌ക് ഫോഴ്‌സാണ് രൂപീകരിച്ചത്. ഈ ടാസ്‌ക് ഫോഴ്‌സ് ഓഡിറ്ററുമായി സംസാരിച്ച്, റിപ്പോർട്ടിൽ കടന്നുകൂടിയിട്ടുള്ള പിഴവുകൾ തിരുത്തും.
അയ്യപ്പ സംഗമം പദ്ധതിയുടെ കരാർ എടുത്തവരുമായി ടാസ്‌ക് ഫോഴ്‌സ് സംസാരിച്ച് ആശയവ്യക്തത വരുത്തും. അയ്യപ്പസംഗമത്തിന്റെ ചെലവ് സംബന്ധിച്ച് വിശദമായ പഠനം നടത്തി വ്യക്തത വരുത്തും. യുക്തിഭദ്രമല്ലാത്ത ക്ലെയിമുകൾ അംഗീകരിക്കില്ല. അയ്യപ്പസംഗമത്തിന്റെ ചെലവ് 4.99 കോടിയായി നിജപ്പെടുത്തണമെന്ന് പി എസ് പ്രശാന്തിന്റെ അധ്യക്ഷതയിലുള്ള യോഗത്തിൽ തീരുമാനിച്ചിരുന്നു. അതുകൊണ്ട് അയ്യപ്പസംഗമത്തിന്റെ ചെലവ് 4.99 കോടിയായി നിജപ്പെടുത്താൻ ഈ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് അഡ്വാൻസ് നൽകിയ മൂന്നുകോടി രൂപ തിരികെ ബോർഡിന്റെ അക്കൗണ്ടിൽ വന്നിട്ടുണ്ട്. സ്‌പോൺസർഷിപ്പ് പ്രതീക്ഷിച്ച പലയിടത്തു നിന്നും കിട്ടിയില്ല. അദാനി നൽകാമെന്ന് പറഞ്ഞ ഒരു കോടി ലഭിക്കും. 3 കോടി 85 ലക്ഷമാണ് സ്‌പോൺസർഷിപ്പായി ലഭിക്കുക. ഒരുകോടിയിലേറെ രൂപയുടെ കുറവ് ഇനിയുമുണ്ട്. എന്തു തന്നെയായാലും ദേവസ്വം ബോർഡിന്റെ ഒരു രൂപ പോലും അയ്യപ്പ സംഗമത്തിന് വേണ്ടി ഉപയോഗിക്കില്ല. ഫൈനൽ കണക്കുകൾ ഓഡിറ്റ് ചെയ്ത് പുതുക്കിയ ഓഡിറ്റ് റിപ്പോർട്ടും സ്‌റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ട്‌സും ടാസ്‌ക്‌ഫോഴ്‌സിന്റെ സഹായത്തോടെ 26 ന് കോടതിയിൽ സമർപ്പിക്കുമെന്ന് ജയകുമാർ പറഞ്ഞു.
അയ്യപ്പസംഗമത്തിന് മൊത്തം ചെലവായി ഈ ബോർഡ് അംഗീകരിക്കുന്നത് 4.99 കോടിയാണ്. അതാണ് നൽകുക. 7 കോടി 11 ലക്ഷം രൂപ ചെലവായതായിട്ടാണ് അയ്യപ്പസംഗമത്തിന് കരാർ നൽകിയവർ പറയുന്നത്. എന്നാൽ 4.99 കോടിയേ നൽകാനാകൂ എന്ന് അവരെ ബോർഡ് അറിയിച്ചിട്ടുണ്ട്. അഡ്വാൻസായി മൂന്നു കോടി രൂപ ദേവസ്വം ബോർഡ് നൽകിയെങ്കിലും, സ്‌പോൺസർഷിപ്പ് തുക ലഭിച്ചതോടെ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ തിരികെ എത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
