ആമസോണില്‍ 56,000 രൂപയുടെ ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് മാര്‍ബിള്‍ കഷ്ണം, പഴന്തുണി!

:ആമസോണില്‍ 56,000 രൂപയുടെ ലാപ്ടോപ്പിനു ഓർഡർ ചെയ്ത ആള്‍ക്ക് പാഴ്സലായി വന്നത് ഒരു മാർബിള്‍ കഷ്ണവും പഴന്തുണിയും!

കാനഡയില്‍ നിന്നു ഈയിടെ നാട്ടിലെത്തിയ പൈക വട്ടന്താനം കരുനാട്ട് ഡോണ്‍ ടോമിനാണ് ദുരനുഭവം. മുൻകൂർ പണം നല്‍കിയ ഡോണ്‍ ടോം പരിഹാരം തേടി കമ്പനിയെ സമീപിച്ചെങ്കിലും അന്വേഷണം നടത്തി 23നു ശേഷം മറുപടി പറയാം എന്നാണ് അധികൃതർ പറയുന്നത്.

നാട്ടിലെത്തിയപ്പോള്‍ വർക്ക് ഫ്രം ഹോമിന് ഉപകരിക്കുന്ന പ്രൊഫഷണല്‍ ലാപ്‌ടോപ്പായ ലെനോവ തിങ്ക്പാഡ് ഇ 14 ആണ് ഡോണ്‍ ടോം ആമസോണില്‍ ഈ മാസം 12ന്‌ ഓർഡർ ചെയ്തത്. ഫോണ്‍ പേ വഴി തുകയും നല്‍കി. 18ന് പാക്കറ്റ് എത്തി. ഒടിപി നല്‍കി ഇടപാടുകള്‍ തീർത്ത് ഡെലിവറി ഏജന്റ് മടങ്ങിയതിനു ശേഷമാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാകുന്നത്. ഏജന്റിന്റെ മുന്നില്‍ തുറന്ന് റീപ്ലേസ്‌മെന്റിന് ഓപ്ഷനില്ലാതെയാണ് പാഴ്‌സലെത്തിയത്.

ഗോപാല്‍ ഐടി സർവീസ് എന്ന കമ്പനിയാണ് പാഴ്‌സല്‍ ചെയ്തതെന്നാണ് കാണുന്നത്. തുടർന്ന് റിവ്യൂ കമന്റുകള്‍ നോക്കിയപ്പോള്‍ മറ്റൊരാള്‍ക്ക് ഇതേ അനുഭവമുണ്ടായെന്ന് മനസിലായതായി ഡോണ്‍ പറഞ്ഞു. ആമസോണിന്റെ പ്രതിനിധിയെ വിളിച്ചപ്പോള്‍ അന്വേഷണം നടത്താമെന്നും 23-നുശേഷം പരിഹാരം നിർദേശിക്കാമെന്നുമാണ് അറിയിച്ചത്. ഡോണ്‍ പൊൻകുന്നം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Previous Post Next Post