കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് വൈകുന്നേരം 7:13ഓടെ പുറപ്പെട്ട ആംബുലൻസ് രാത്രി 10:30 ഓടെ കിംസില്‍ എത്തി കരള്‍ കൈമാറി.
പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പാഞ്ഞ ആംബുലൻസ് 10:38 ഓടെ ആശുപത്രിയില്‍ എത്തി വൃക്കകളും കൈമാറി. ഉടൻതന്നെ ശരവേഗത്തില്‍ പുറപ്പെട്ട് 10:40ഓടെ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടില്‍ എത്തി ഹൃദയ വാല്‍വും കൈമാറിയതോടെ ഡ്രൈവർ തൃശൂർ മാള സ്വദേശി ജെയ്നീഷിൻ്റെ ദൗത്യം കൃത്യം മൂന്നു മണിക്കൂർ 25 മിനിറ്റുകൊണ്ട് പൂർണം.
പോലീസുകാർ ഒപ്പമുണ്ടായിരുന്നതിനാല്‍ പ്രശ്നങ്ങളില്ലാതെ എത്താൻ കഴിഞ്ഞുവെന്ന് ജെയ്നീഷ് മാധ്യമങ്ങളോട് പറഞ്ഞു. ദൈവാനുഗ്രഹം കൊണ്ട് യാതൊരുവിധ പ്രശ്നവുമില്ലാതെ എത്തി. ആദ്യമായല്ല, ഇത്തരം ദൗത്യം ഏറ്റെടുക്കുന്നതെന്നും ജെയ്നീഷ് കൂട്ടിച്ചേർത്തു.
ആംബുലൻസ് ഡ്രൈവർമാരായതിനാല്‍ ഇത് ജോലിയുടെ ഭാഗമാണെന്നും അത് സന്തോഷത്തോടെ ആണ് ഏറ്റെടുക്കുന്നതെന്നും ജെയ്നീഷിൻ്റെ സഹായിയായ ശരത് പറഞ്ഞു. റോഡില്‍ നല്ല തിരക്ക് ഉണ്ടായിരുന്നു. പോലീസിൻ്റെയും നാട്ടുകാരുടെയും സഹായം ഉണ്ടായിരുന്നതിനാല്‍ വേഗം എത്താനായെന്നും ശരത് കൂട്ടിച്ചേർത്തു. അമൃത ആശുപത്രിയുടെ KL 07 DF 3177 എന്ന നമ്പരുള്ള ആംബുലൻസിലാണ് അവയവങ്ങള്‍ എത്തിച്ചത്.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിൻ്റെയും ഷെറിൻ ആൻ ജോണിൻ്റെയും മകള്‍ ആലിൻ ഷെറിൻ എബ്രഹാ (10 മാസം) മിൻ്റെ അവയവങ്ങളാണ് ദാനം ചെയ്തത്. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ മാതാപിതാക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
ഇതോടെ സർക്കാർ സംവിധാനമായ കെ-സോട്ടോ തുടർനടപടികള്‍ ഏകോപിപ്പിക്കുകയും കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവ ദാനം ചെയ്യുകയുമായിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഇനി അഞ്ചു കുട്ടികളിലൂടെ ജീവിക്കും.