150ന് മുകളിൽ സേവനങ്ങൾ ഒറ്റ ആപ്പിൽ; 'നമ്മുടെ കേരളം' ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ സുതാര്യമാക്കാനും ഏവർക്കും കൂടുതൽ എളുപ്പത്തിൽ പ്രാപ്യമാക്കാനും സഹായകമായ 'നമ്മുടെ കേരളം' മൊബൈൽ ആപ്പ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. സേവനങ്ങൾക്ക് അപേക്ഷിക്കാനും ബില്ലുകൾ അടയ്ക്കാനും 'നമ്മുടെ കേരളം' ആപ്പ് മുഖേനയോ വെബ്പോർട്ടൽ വഴിയോ സാധിക്കും. കൂടാതെ ഭരണനിർവഹണത്തിൽ പൊതുജനങ്ങൾക്ക് പങ്കാളികളാവാനുള്ള സംവിധാനവും 'നമ്മുടെ കേരളം' ഒരുക്കുന്നുണ്ട്.


ജനന സർട്ടിഫിക്കറ്റുകൾ, ക്ഷേമ പദ്ധതികൾ, പെൻഷനുകൾ തുടങ്ങി സർവ്വതലസ്പർശിയായ 150 ന് മുകളിൽ സേവനങ്ങൾ ഈ ആപ്പിൽ ഏകീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും പരാതികൾ സമർപ്പിക്കാനും അപ്ഡേറ്റുകൾ നേടാനും കഴിയുന്ന സംവിധാനവും ഇതിലുണ്ട്.


സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി സേവനങ്ങൾക്കായി പൊതുജനം വലഞ്ഞിരുന്ന കാലത്തു നിന്നും വിരൽത്തുമ്പിൽ സേവനങ്ങൾ ലഭ്യമാക്കുന്ന കെ-സ്മാർട്ടിന്റെ യുഗത്തിലേക്ക് കേരളം വളർന്നു കഴിഞ്ഞു. കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ജനകീയ പരിഷ്‌കാരങ്ങൾ മൂലം ഭരണനിർവഹണം വിപ്ലവകരമാം വിധം മാറിയിരിക്കുന്നു. ഈ നേട്ടങ്ങളുടെ കരുത്താണ് 'നമ്മുടെ കേരളം' ആപ്പ് യാഥാർത്ഥ്യമാക്കുന്നതിലേക്ക് നയിച്ചിരുന്നത്. ഇത് വെറുമൊരു പരിഷ്‌കാരമല്ല, മറിച്ചു ഭരണസംസ്‌കാരത്തിൽ കൊണ്ടുവരുന്ന ഘടനാപരമായ മാറ്റമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Previous Post Next Post