ചാർട്ടേഡ് അക്കൗണ്ടൻ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗുരുവായൂരില്‍ തട്ടിപ്പ്. പടിഞ്ഞാറേ നടയിലെ സത്യാ ഇൻ എന്ന ലോഡ്ജുടമയായ സ്ത്രീയെ ജിഎസ്ടി കണക്കുകള്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് .
13,65,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി നീലകണ്ഠൻ മൂസതിനെ (56) ഗുരുവായൂർ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം ഗുരുവായൂർ ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതി പല സ്വിമ്മുകള്‍ മാറി മാറി ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവി നകുല്‍ രാജേന്ദ്ര ദേശ്മുഖിൻ്റെ നിർദേശ പ്രകാരം പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. പ്രതിയുടെ ബാങ്ക് അക്കൌണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂർ ഭാഗത്തുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ടെമ്പിള്‍ പൊലീസ് സംഘം ചെന്നൈ, പേരാനെല്ലൂർ, കോയമ്പത്തൂർ, കോയമ്പേട്, ട്രിച്ചി തുടങ്ങിയ മേഖലകളില്‍ തിരച്ചില്‍ നടത്തി. പിന്നീട് കോയമ്പത്തൂർ സിങ്കനെല്ലൂർ കണ്ണൻ നഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ബികോം ബിരുദധാരിയായ പ്രതി ചാർട്ടേർഡ് അക്കൌണ്ടന്‍റെന്ന വ്യാജേന ലക്ഷ്വറി ഹോട്ടലുകളില്‍ റൂമെടുത്ത് താമസിച്ചാണ് തട്ടിപ്പുനടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതിക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടെന്നും പോലീസ് പറയുന്നു. ഗുരുവായൂർ ടെമ്പിള്‍ പോലീസ് ഇൻസ്പെക്ടർ ജി അജയകുമാറിനോടൊപ്പം എ എസ് ഐമാരായ വിനയൻ , ജയചന്ദ്രൻ, എസ്.സി.പി.ഒ മാരായ സതീഷ് കുമാർ, ഗഗേഷ് അമ്പലപ്പറമ്പില്‍ എന്നിവരുമുണ്ടായിരുന്നു.