ന്യൂഡൽഹി: ലോക്‌സഭ സ്പീക്കർ ഓം ബിർലയെ പദവിയിൽ നിന്നും നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നൽകി. ഇന്ത്യാ മുന്നണിയിലെ പാർട്ടികളിലെ 118 എംപിമാരുടെ ഒപ്പുകളോടു കൂടിയ നോട്ടീസാണ് ലോക്സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിന് കൈമാറിയത്. ലോക്‌സഭയുടെ ചരിത്രത്തിൽ ഇതു നാലാം തവണയാണ് അവിശ്വാസ നോട്ടീസ് നൽകുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് നോട്ടീസ് നൽകിയത്. തൃണമൂൽ കോൺഗ്രസ് നോട്ടീസിൽ ഒപ്പുവെച്ചിട്ടില്ല. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗോഗോയ്, മുഹമ്മദ് ജാവേദ് എന്നിവരാണ് ഈ നോട്ടീസ് സമർപ്പിച്ചത്. സ്പീക്കർ ഓം ബിർല അങ്ങേയറ്റം പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.
സഭാനടപടികളിൽ പ്രതിപക്ഷ നേതാക്കൾക്ക് സംസാരിക്കാൻ അനുവാദം നൽകുന്നില്ല. ഇതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. 14 ദിവസത്തിന് ശേഷമാകും നോട്ടീസ് പരിഗണിക്കുക. എൻഡിഎ ഭരണത്തിൽ ഇത് ആദ്യമായിട്ടാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നൽകുന്നത്. നോട്ടീസ് 14 ദിവസത്തിന് ശേഷം പരിഗണിക്കും. ഉച്ചയോടെ പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവുമായി ചർച്ച നടത്തിയെങ്കിലും സമവായമാകാത്തതിനെത്തുടർന്നാണ് നോട്ടീസ് നൽകിയത്.
നന്ദിപ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതിരുന്നതും, ബഹളം ചൂണ്ടിക്കാട്ടി എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതുമാണ് സ്പീക്കർക്കെതിരെ രംഗത്തു വരാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. പ്രതിപക്ഷ എംപിമാരെ ഈ സമ്മേളന കാലയളവു വരെയാണ് സസ്‌പെൻഡ് ചെയ്തത്. സ്പീക്കറുടെ നടപടി പക്ഷപാതപരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മുൻ കരസേനാ മേധാവി എംഎം നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ രാഹുൽ ഉന്നയിച്ചതാണ് ലോക്‌സഭയിൽ വൻ ബഹളങ്ങൾക്ക് വഴിതെളിച്ചത്.
