കോട്ടയം: പാലാ മണ്ഡലം വിട്ടു നൽകില്ലെന്ന് മാണി സി കാപ്പൻ എംഎൽഎ. കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. കേരള കോൺഗ്രസ് (എം) ഐക്യജനാധിപത്യമുന്നണിയിലേക്ക് വരുന്നതിനോട് തനിക്ക് എതിർപ്പില്ല. എന്നാൽ പാലാ മണ്ഡലം വിട്ടു പോകാൻ ഇല്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
ജോസ് കെ മാണിയും പാർട്ടിയും യുഡിഎഫിലേക്ക് വന്നാൽ പാലാ മണ്ഡലം കേരള കോൺഗ്രസിന് വിട്ടു നൽകിയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു മാണി സി കാപ്പൻ. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി മാണി സി കാപ്പൻ ചർച്ച നടത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിയെ മാണി സി കാപ്പൻ വീട്ടിലെത്തി കാണുകയായിരുന്നു.
നേരത്തെ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെയും പാലാ വിട്ടു നൽകാനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു. വരുന്നവർക്ക് വേറെ ഏതു സീറ്റു വേണമെങ്കിലും നൽകിക്കോട്ടെ. ലീഗിന് സ്വാധീനമുള്ള തിരുവമ്പാടി സീറ്റിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന്, പാലായിൽ മത്സരിക്കാൻ വരുന്നവർക്ക് തിരുവമ്പാടിയിൽ മത്സരിച്ചാൽ എന്താണ് കുഴപ്പമെന്നും മാണി സി കാപ്പൻ ചോദിച്ചു. കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലെത്തിക്കാനുള്ള നീക്കത്തിന് മുസ്ലിം ലീഗുംനേതൃത്വം നൽകുന്നുവെന്നുള്ള വാർത്തകൾക്കിടെയാണ് മാണി സി കാപ്പന്റെ പ്രതികരണം.
