നൂറിലേറെ സീറ്റ് നേടി ജയിക്കും, യുഡിഎഫ് വിസ്മയമാവും; കേരളത്തിൻറെ സ്വപ്ന പദ്ധതികൾ വരുമെന്ന് വിഡി സതീശൻ


കൽപ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയത്തോടെ യുഡിഎഫ് അധികാരത്തിൽ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബത്തേരി കോൺഗ്രസ് നേതൃക്യാംപിൽ തെരഞ്ഞെടുപ്പ് നയരേഖ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പിൽ 100 ലധികം സീറ്റ് ഉറപ്പാണ്. യുഡിഎഫ് വിസ്മയമുണ്ടാകും. വെറുതെ ഇടതുമുന്നണിയെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയല്ല നമ്മുടെ ലക്ഷ്യം. അവർ പരാജയപ്പെട്ട സ്ഥലങ്ങളിൽ നമ്മളെങ്ങനെ വിജയിക്കും എന്നതാണത്.



എൽഡിഎഫ് തകർത്ത സ്ഥലങ്ങളിൽ നമ്മെളങ്ങനെ കേരളത്തെ കൈപിടിച്ചുയർത്തും. ആരോഗ്യരംഗത്ത്, കാർഷിക രംഗത്ത് അങ്ങനെ. സമ്പദ്ഘടന തകർത്ത് തരിപ്പണമാക്കി. ഏറ്റവും വലിയ കടത്തിന്റെ കാണാക്കയങ്ങളിലാണ് കേരളം. അവിടെ നിന്ന് കേരളത്തിന്റെ സമ്പദ്ഘടനയെ രക്ഷപ്പെടുത്താൻ നമ്മുടെ കയ്യിൽ മോശയുടെ വടിയോ, അലാവുദ്ദീന്റെ അത്ഭുത വിളക്കോ ഒന്നുമില്ല. പക്ഷെ കൃത്യമായ ഫിനാൻഷ്യൽ മാനേജ്‌മെന്റ് നടത്തി കേരളത്തെ നമ്മൾ തിരിച്ചു കൊണ്ടുവരും.


ഈ പണം കൊണ്ട് ക്ഷേമ പരിപാടികളും വികസന പരിപാടുകളും പ്രഖ്യാപിച്ച പരിപാടികളും നടത്തും. യുഡിഎഫ് പ്രഖ്യാപിക്കാൻ പോകുന്ന പദ്ധതികൾ, കേരളത്തിൽ ഒരു മുന്നണിയും പ്രഖ്യാപിക്കാത്ത, കേരളത്തിന്റെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കുന്ന പദ്ധതികളായിരിക്കും. യാഥാർത്ഥ്യബോധത്തോടു കൂടി, നൂറുശതമാനം ആത്മാർത്ഥതയോടെ, നടപ്പാക്കാൻ കഴിയുമെന്ന് പൂർണബോധ്യമുള്ള, പ്രാക്ടിക്കലായ പദ്ധതികളാണ് കൊണ്ടുവരിക. ഈ തേരോട്ടം കേരളത്തിലെ ജനങ്ങളുടെ ഹൃദയാഭിവാദ്യങ്ങളേറ്റു വാങ്ങിക്കൊണ്ടുള്ള തേരോട്ടമാണ്. കോൺഗ്രസ് ഒരു വാക്കു പറഞ്ഞാൽ കബളിപ്പിക്കില്ലെന്ന് ബോധ്യപ്പെടുത്തുന്ന പദ്ധതികളുമായി നമ്മൾ മുന്നോട്ടു പോകും.


ഇന്നത്തെ യുഡിഎഫ് കുറേ പാർട്ടികളുടെ ഒരു കോൺഫെഡറേഷൻ അല്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അജണ്ട യുഡിഎഫ് തീരുമാനിക്കും. ഇടതുപക്ഷത്തിൻ്റെ സഹയാത്രികരായവർ യുഡിഎഫിനൊപ്പമുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അജണ്ട യുഡിഎഫ് തീരുമാനിക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തർക്കം ഉണ്ടെന്നത് സിപിഎം പ്രചാരണം മാത്രമാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഒരാളും പിണങ്ങില്ലെന്നും മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നിരവധി പേർ കോൺഗ്രസിൽ ഉണ്ട് എന്നതിൽ അഭിമാനമുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.


കേരളത്തിന്റെ നികുതിവരുമാനം വർധിപ്പിക്കും. കേരളത്തിന്റെ നികുതി വരുമാനം ഞാൻ വർധിപ്പിക്കുമെന്നു പറഞ്ഞപ്പോൾ, കേരളത്തിലെ ആളുകളെ നികുതി കൊള്ള നടത്തുമെന്നാണ് സിപിഎം നേതാക്കൾ വ്യാഖ്യാനിച്ചത്. കേരളത്തിന്റെ ഖജനാവിൽ നിന്നും നിങ്ങൾ കൊള്ളയടിച്ച പണം ഞങ്ങൾ തിരികെ കൊണ്ടുവരുമെന്നാണ് പറഞ്ഞത്. നികുതി കൊള്ള നടത്തുന്ന ആളുകളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന്, ആ നികുതി കൊണ്ട് യുഡിഎഫ് ഖജനാവ് നിറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Previous Post Next Post