വെള്ളാപ്പള്ളിയിൽ നിന്ന് മൂന്ന് ലക്ഷം വാങ്ങി, പണം വാങ്ങിയെങ്കിൽ വാങ്ങിയെന്നു തന്നെ പറയും: ബിനോയ് വിശ്വം

തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ പോയിരുന്നുവെന്നും അദ്ദേഹം തന്ന പണത്തിന് കണക്കുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളി നടേശൻ മൂന്നു ലക്ഷം രൂപ തന്നു. വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം വാങ്ങിയെങ്കിൽ വാങ്ങിയെന്ന് തന്നെ പറയുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇടുക്കി സിപിഐ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


'ആലപ്പുഴയിലെ വ്യവസായ പ്രമുഖൻ എന്നനിലയിലാണ് വെള്ളാപ്പള്ളിയുടെ അടുത്ത് ഫണ്ട് പിരിക്കാൻ പോയത്. അദ്ദേഹത്തോട് രാഷ്ട്രീയവും പറഞ്ഞു. അതിനിടയിൽ വിരോധം ഇല്ലെങ്കിൽ ചെറിയ സംഭാവനയും വേണമെന്ന് പറഞ്ഞു. 'എത്രയാ വേണ്ടത്' എന്ന് അദ്ദേഹം ചോദിച്ചു. ഇത്രവേണമെന്ന് പറഞ്ഞില്ല. വഴിവിട്ട സഹായം പ്രതീക്ഷിക്കണ്ടയെന്നും പറഞ്ഞു. ആകാവുന്നതുപോലെ ഒരു സംഖ്യയെന്ന് പറഞ്ഞു. 'ഒന്നാണോ' എന്ന് അദ്ദേഹം ചോദിച്ചു. ഒന്നെങ്കിൽ ഒന്ന് എന്ന് ഞങ്ങൾ പറഞ്ഞു. ഒരുവിലപേശലിനും പോയില്ല. അദ്ദേഹം ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി തിരിച്ചുവന്നു. ഒരുപേപ്പർ പൊതി തന്ന് എത്രയുണ്ടെന്ന് അറിയാമോയെന്ന് ചോദിച്ചു. ഒന്നുമല്ല, രണ്ടുമല്ല മൂന്ന് ലക്ഷമുണ്ടെന്ന് പറഞ്ഞു. സന്തോഷത്തോടെ ഞങ്ങൾ മേടിച്ചു. സിപിഐക്കാർ വന്ന് കാശ് വാങ്ങി എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞതായി വാർത്തകൾ കണ്ടു. കാശ് മേടിച്ച് മുങ്ങുന്ന പാർട്ടിയല്ല സിപിഐ. മേടിച്ചാൽ മേടിച്ചെന്ന് പറയും. തെരഞ്ഞെടുപ്പുകാലത്തും സമ്മേളനകാലത്തും സിപിഐ ഫണ്ട് പിരിക്കാറുണ്ട്. അതിന് കൃത്യമായ കണക്കുമുണ്ട്. അതാരും വിഴുങ്ങില്ല. അതിന് പകരമായി തോന്നിവാസം ചെയ്യാറുമില്ല. ഇതാണ് സിപിഐയുടെ ഫണ്ട് പിരിവ്'- ബിനോയ് വിശ്വം പറഞ്ഞു.


തെരഞ്ഞെടുപ്പ് ഒരു പോരാട്ടമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിജയത്തെക്കാൾ പരാജയം ഉണ്ടായി. ജയിക്കുമ്പോൾ ജനങ്ങളെ വെറുപ്പിക്കരുത്, ശിരസ് കുനിച്ചു പിടിക്കണം. പരാജയപ്പെടുമ്പോൾ അയ്യോ എന്ന് നെഞ്ചത്തടിച്ച് പറഞ്ഞ് മാളത്തിൽ പോയി ഒളിക്കാൻ പോകുന്നില്ല. തിരുത്തൽ വേണ്ടിടത്ത് അത് ചെയ്യും. അടുത്ത പോരാട്ടം ഇതിനേക്കാൾ വലുതാണ്. നല്ല തിരിച്ചറിവോടെ പ്രവർത്തിക്കണം. തിരുത്തൽ വരുത്തേണ്ടിടത്ത് അത് ചെയ്യണം.


കമ്യൂണിസ്റ്റുകാർ ജനങ്ങളെ ഭയപ്പെടേണ്ടവരാണ്. അല്ലാതെ ജനത്തെ ഭയപ്പെടുത്തേണ്ടവരല്ല. എസ്‌ഐആർ പരമാവധി പേർക്ക് വോട്ട് നിഷേധിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപിക്ക് ഉറപ്പില്ലാത്ത വോട്ടുകൾ ഒഴിവാക്കുകയാണ് ചെയ്യുന്നത്. വി ഡി സതീശനെതിരായ പുനർജനി കേസ് അന്വേഷണത്തിൽ പ്രതിപക്ഷത്തിന് അങ്കലാപ്പുണ്ട്. വി ഡി സതീശനെ ഇതുവരെയും പിന്തുണയ്ക്കാത്തവരും ഇപ്പോൾ അദ്ദേഹത്തിനൊപ്പം എത്തി. പേടിയുള്ളവർ എല്ലാവരും ഒപ്പം നിന്നോളൂ എന്ന് പറഞ്ഞ പുരാണ കഥാപാത്രമാണ് ഇപ്പോൾ വിഡി സതീശൻ. എൽ ഡി എഫിന് തെരഞ്ഞെടുപ്പ് സ്റ്റണ്ടിന്റെ ആവശ്യമില്ല. വെള്ളാപ്പള്ളിയുമായി തർക്കത്തിന് ഇല്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം സിപിഐ നേതാക്കൾ ഒറ്റയ്ക്ക് പോയി ആരിൽ നിന്നും പാർട്ടി ഫണ്ടിലേക്ക് പണം വാങ്ങാൻ പാടില്ലെന്നും പറഞ്ഞു.

Previous Post Next Post