'സൈക്കിക് കോഴി രക്ഷപെടും, ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങൾ അറിയില്ലേ?' പൊലീസിനെ വിമർശിച്ച് സെൻകുമാർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ പരോക്ഷമായി വിമർശിച്ച് മുൻ ഡിജിപി ടി പി സെൻകുമാർ. അറസ്റ്റിന്റെ നടപടിക്രമങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടി സെൻകുമാർ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടു. പരാതിക്കാരിയെ മെഡിക്കൽ പരിശോധന നടത്താതെയെങ്ങനെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇ-മെയിൽ ആയി നൽകിയ പരാതിയിൽ പരാതിക്കാരി ഒപ്പിട്ട് നൽകിയിരുന്നോ? മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം ക്രിമിനൽ നപടി ആവുക തുടങ്ങിയ ചോദ്യങ്ങളാണ് ടി പി സെൻകുമാർ ഉന്നയിക്കുന്നത്.



മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ അറസ്റ്റിലായതിനു പിന്നാലെയാണ് സെൻകുമാറിൻറെ പോസ്റ്റ്.


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം


കോഴിയും പോലീസും ക്രിമിനൽ നിയമങ്ങളും


ഒരു സൈക്കിക് കോഴിയെ പോലീസ് പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമപരമായ കാര്യങ്ങൾ , അത് താഴെ പറയുന്നവയാണ്.


പോലീസിനും കോടതിക്കും ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങൾ അറിയേണ്ടേ?


ഒരു ബലാത്സംഗ പരാതി കാനഡയിൽ നിന്നും ഇ മെയിൽ ആയി പരാതിക്കാരി സ്റ്റേഷൻ ഹൌസ് ഓഫീസർക്കു ബി എൻ എസ് എസ്, വകുപ്പ് 173(1)(ii) ലഭിച്ചിട്ടുണ്ടോ?


അപ്രകാരം ലഭിച്ചിട്ടുണ്ടെങ്കിൽ, മൂന്നാം ദിനം പരാതിക്കാരിയെ വിളിച്ചു വരുത്തുന്നതിനു പോലീസ് ഓഫീസർ റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടോ?


റിപ്ലൈ മെയിൽ അയച്ചിട്ടുണ്ടെങ്കിൽ, പരാതിക്കാരി സ്റ്റേഷനിൽ വന്നു ഇ മെയിൽ ഒപ്പിട്ടു നൽകിയോ?


അങ്ങിനെ നൽകിയാൽ മാത്രം അല്ലേ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയൂ?


ഇനി പോട്ടെ, നിയമ വിരുദ്ധമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിൽ പോലും, പരാതിക്കാരിയെ ബി എൻ എസ് എസ്, വകുപ്പ് 184(1) പ്രകാരം കേസ് എടുത്ത തിയതി മുതൽ 24 മണിക്കൂറിനകം അതിജീവിതയെ വൈദ്യ പരിശോധന നടത്തിയോ?


പോട്ടെ, അങ്ങിനെ വൈദ്യ പരിശോധന പോലും നടത്താതെ എങ്ങിനെ ആണ് വകുപ്പ് 35(1)((b) പ്രകാരം പരാതി വിശ്വാസ യോഗ്യം ആകുക?


എങ്ങിനെ ആണ് വകുപ്പ് 47(1) പ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കാൻ കഴിയുക?


എങ്ങിനെ ആണ് 187(1) പ്രകാരം കോടതിക്ക് റിമാൻഡ് ചെയ്യാൻ കഴിയുക?


എങ്ങിനെ ആണ് മുഖ്യമന്ത്രിയോട് പരാതിക്കാരി നടത്തുന്ന പരിദേവനം ക്രിമിനൽ നടപടി ആവുക?


ഈ ക്രിമിനൽ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ കോഴി രക്ഷപെട്ടു പോകും.. അത് പോലീസ് അറിയുക.



Previous Post Next Post