പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം; മുസ്ലീം ലീഗ് സ്ഥാനാർഥികളെ ഫെബ്രുവരിയിൽ പ്രഖ്യാപിക്കും

 

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീംലീഗ് സ്ഥാനാർഥികളെ ഫെബ്രുവരിയിൽ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കൂടുതൽ സീറ്റിന് അർഹതയുണ്ടെങ്കിലും യുഡിഎഫിൽ പ്രശ്‌നങ്ങൾക്ക് ലീഗ് നിൽക്കില്ല. സീറ്റുകൾ വച്ചുമാറുന്നുണ്ടെങ്കിൽ അത് വിജയസാധ്യത മാത്രം പരിഗണിച്ചാകും. മൂന്ന് ടേമിൽ മത്സരിച്ചവർ മാറിനിൽക്കട്ടെയെന്നത് ഇതുവരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബാധമാക്കിയിട്ടില്ലെന്നും പിഎം സലാം പറഞ്ഞു.


തദ്ദേശ തെരഞ്ഞെടുപ്പ് സെമി ഫൈനലായിരുന്നു. അതിൽ അഭൂതപൂർവമായ വിജയം കിട്ടി. ഇനി ഫൈനലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടിയും മുന്നണിയും സജ്ജമാണ്. ജനുവരിയിൽ യുഡിഎഫിന്റെ സീറ്റ് ചർച്ചകൾ പൂർത്തിയായി കഴിഞ്ഞാൽ ഫെബ്രുവരിയിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാകുമെന്നും പിഎംഎ സലാം പറഞ്ഞു.


മുസ്ലീം ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നാണ് പാണക്കാട് തങ്ങൾ പറഞ്ഞത്. ഇത് സംബന്ധിച്ച് യുഡിഎഫിൽ തീർത്തും സൗഹാർദപരമായ ചർച്ചായായിരിക്കും നടക്കുക. മൂന്ന് ടേമിൽ മത്സരിച്ചവർ മാറിനിൽക്കട്ടെയെന്നത് ഇതുവരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബാധമാക്കിയിട്ടില്ല. ഇനി വേണമെങ്കിലും അത്തരമൊരു തീരുമാനത്തിലെത്താം. തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുമെന്നും പിഎംഎ സലാം പറഞ്ഞു.


തന്ത്രിയായാലും മന്ത്രിയായാലും തെറ്റ് ചെയ്താൽ തെറ്റല്ലേ?. മോഷണം നടത്തിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം അത് ആരായാലൂം. എവിടെയെങ്കിലും അന്വേഷണം ചെന്നെത്തുമെന്ന് ഭയപ്പെട്ട് അത് തടസപ്പെടുത്താൻ ആരെയെങ്കിലും അറസ്റ്റ് ചെയ്തതാണെങ്കിൽ അത് പരിശോധിക്കണമെന്നും പിഎംഎ സലാം പറഞ്ഞു.

Previous Post Next Post