പാലക്കാട് സന്ദീപ്, ആറന്മുളയില്‍ അബിന്‍, അടൂരില്‍ രമ്യ ഹരിദാസ്, തിരുവമ്പാടിയില്‍ ജോയി; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എഐസിസി സര്‍വേ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ സിപിഎം നേതാവും മന്ത്രിയുമായ വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എഐസിസി നടത്തിയ സർവേയിൽ അബിന്റെ പേരാണ് ആറന്മുളയിൽ നിർദേശിച്ചിരിക്കുന്നത്. വീണയും അബിൻ വർക്കിയും മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് സഭാംഗങ്ങളാണ്.


ആലത്തൂർ മുൻ എംപി രമ്യ ഹരിദാസിനെ അടൂർ സീറ്റിൽ മത്സരിപ്പിക്കാനും ആലോചനയുണ്ട്. പട്ടികജാതി സംവരണ സീറ്റായ അടൂർ ഇടതുമുന്നണിയിൽ സിപിഐയുടെ സീറ്റാണ്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ് നിലവിലെ എംഎൽഎ. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ അഞ്ചു സീറ്റുകളും എൽഡിഎഫാണ് വിജയിച്ചത്. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് പകരം കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെയാണ് പരിഗണിക്കുന്നത്.


പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സന്ദീപ് വാര്യരെ മത്സരിപ്പിച്ചാൽ മണ്ഡലം നിലനിർത്താനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാൽ സന്ദീപ് ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. പാലക്കാട്ടെ സ്ഥാനാർത്ഥി നിർണയത്തിൽ ഷാഫി പറമ്പിലിന് നിർണായക റോളുണ്ട്. പൊതുസ്വീകാര്യത, ജയസാധ്യത തുടങ്ങിയവയാണ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രധാനമാകുക. താഴേത്തട്ടിൽ നിന്നുള്ള അഭിപ്രായരൂപീകരണം കൂടി നടത്തിയാണ് എഐസിസി സർവേ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.


കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി എസ് ജോയി, മുഹമ്മദ് ഷിയാസ് എന്നിവരും മത്സരിച്ചേക്കും. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ തിരുവനമ്പാടി സീറ്റിൽ മത്സരിപ്പിക്കാനാണ് ആലോചന. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വേളയിൽ ജോയിയുടെ പേരും ഉയർന്നു വന്നിരുന്നു. പിന്നീട് സ്ഥാനാർത്ഥിത്വത്തിൽ നിന്നും ഒഴിഞ്ഞ ജോയിക്ക് നേതൃത്വം തെരഞ്ഞെടുപ്പിൽ ഉറച്ച സീറ്റ് വാഗ്ദാനം നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അടുത്ത അനുയായി കൂടിയായ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കളമശ്ശേരി മണ്ഡലത്തിലാണ് പരിഗണിക്കുന്നത്.


യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കും. കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിലും, കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയെ കൊല്ലം മണ്ഡലത്തിലേക്കും പരിഗണിക്കുന്നു. മുൻ കെപിസിസി പ്രസിഡന്റ് എം എം ഹസ്സനെ അരുവിക്കരയിലും, കെപിസിസി അംഗം ജെ എസ് അഖിലിനെ കഴക്കൂട്ടത്തും സ്ഥാനാർത്ഥിയാക്കാൻ പരിഗണിക്കുന്നുണ്ട്.


തവനൂർ നിയമസഭ സീറ്റിൽ എ എം രോഹിതിനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രോഹിത് പൊന്നാനിയിൽ മത്സരിച്ചിരുന്നു. കോഴിക്കോട് കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി സൂരജിനെയാണ് ബാലുശ്ശേരി മണ്ഡലത്തിൽ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ നടൻ ധർമ്മജൻ ബോൾഗാട്ടിയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് മൂന്നു സർവേകളാണ് സംസ്ഥാനത്ത് നടത്തിയിരുന്നത്. പൊതു അഭിപ്രായം, പ്രവർത്തകരുടെ അഭിപ്രായം, പ്രമുഖ വ്യക്തികളുടെ നിലപാട് എന്നിവ തേടിയിരുന്നു.

Previous Post Next Post