കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ഈ മാസം അവസാനം വരെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സമയം അനുവദിച്ചത്. അന്വേഷണ സംഘത്തലവൻ എസ് പി ശശിധരൻ നേരിട്ടെത്തിയാണ് മുദ്രവെച്ച കവറിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചത്. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താനും കോടതി എസ്‌ഐടിക്ക് അനുവാദം നൽകി.
നേരത്തെ ജനുവരി 17 വരെയാണ് അന്വേഷണം പൂർത്തിയാക്കാൻ സമയം അനുവദിച്ചിരുന്നത്. എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് എസ്‌ഐടി കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തിന്റെ വേഗത്തെ ബാധിക്കുന്നുവെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി. തുടർന്നാണ് കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താൻ അനുമതി നൽകിയത്.
ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി എസ് പി ശശിധരൻ കോടതിയിൽ വിശദീകരിച്ചു. കേസ് ഡിസംബർ മൂന്നിന് പരിഗണിച്ചപ്പോൾ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനു ശേഷം അന്വേഷണം മന്ദഗതിയിലായതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരെ എസ്‌ഐടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
