'പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാൻ പറ്റില്ല, അതുകൊണ്ട് കൗൺസിലറായി തുടരുന്നു'; മേയർ ആക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ശ്രീലേഖ

 


തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. മേയർ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. മേയർ ആക്കുമെന്ന തരത്തിലായിരുന്നു പ്രചാരണം. അവസാനം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് വി വി രാജേഷ് മേയറായതെന്നു ശ്രീലേഖ പറഞ്ഞു. ഓൺലൈൻ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചത്.


'എന്നെ തെരഞ്ഞെടുപ്പിന് നിർത്തിയത് കൗൺസിലറായിട്ട് മത്സരിക്കാൻ വേണ്ടിയല്ല. മേയറാകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. മത്സരിക്കാൻ ഞാൻ വിസമ്മതിച്ചിരുന്നു. ഞാനായിരിക്കും തെരഞ്ഞെടുപ്പിന്റെ മുഖം എന്നും സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടയാളെന്നുമാണ് വിചാരിച്ചത്. എന്നാൽ കൗൺസിലർ ആകേണ്ട സാഹചര്യത്തിൽ പാർട്ടി പറഞ്ഞത് അംഗീകരിച്ചാണ് നിന്നത്. അങ്ങനെതന്നെയാണ് പറഞ്ഞിരുന്നതും അത്തരമൊരു ചിത്രമാണ് എല്ലായിടത്തും കൊടുത്തിരുന്നതും. എല്ലാ പത്രങ്ങളുടെയും ചർച്ചകൾക്കും എന്നെയാണ് വിട്ടുകൊണ്ടിരുന്നത്. അവസാന നിമിഷം വരെ അങ്ങനെയാണ് കേട്ടിരുന്നത്. എന്തോ കാരണങ്ങൾക്കൊണ്ട് അവസാനനിമിഷം മാറി. രാജേഷിന് ഭേദപ്പെട്ട രീതിയിൽ മേയറായി പ്രവർത്തിക്കാൻ കഴിയുമെന്നും ആശയ്ക്ക് നല്ല ഡെപ്യൂട്ടി മേയറായി പ്രവർത്തിക്കാൻ കഴിയുമെന്നും കേന്ദ്രത്തിന് തോന്നിയതുകൊണ്ടാണ് അത്തരമൊരു തീരുമാനം വന്നതെന്നാണ് എന്റെ കണക്കുകൂട്ടൽ'. ശ്രീലേഖ പറഞ്ഞു.


'കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോൾ എതിർത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാൻ പറ്റില്ല. എന്നെ ജയിപ്പിച്ച ആളുകളുണ്ട്. അവരോട് തനിക്ക് ആത്മാർത്ഥതയും കൂറും ഉണ്ട്. അതിനാലാണ് അഞ്ച് വർഷത്തേക്ക് കൗൺസിലറായി തുടരാൻ തീരുമാനിച്ചത്. ചിലപ്പോൾ അത് നല്ലതിനായിരിക്കും'. ശ്രീലേഖ പറഞ്ഞു. 'കോർപ്പറേഷനിൽ 10 വാർഡുകളിലെ സ്ഥാനാർത്ഥികളോടൊപ്പം പ്രവർത്തിച്ച്, അവരെ വിജയിപ്പിക്കുക എന്നതായിരുന്നു ആദ്യം പാർട്ടി ഏൽപ്പിച്ചിരുന്ന ദൗത്യം. അന്നു മത്സരിക്കാൻ തീരുമാനിച്ചിരുന്നില്ല. സംസ്ഥാന നേതൃത്വമാണ് മത്സരിക്കാൻ ആവശ്യപ്പെട്ടത്. ഞാൻ ഒന്നര വർഷമേ ആയിട്ടുള്ള രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ട്. കോർപ്പറേഷനിലും രാഷ്ട്രീയരം​ഗത്തും പത്തു മുപ്പതു വർഷത്തോളം പ്രവർത്തിവർക്ക് മുകളിൽ എന്നെ പ്രതിഷ്ടിക്കേണ്ട എന്നതാകും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നിലെന്നും' ശ്രീലേഖ പറഞ്ഞു.


കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ശാസ്തമം​ഗലം ഡിവിഷനിൽ നിന്നാണ് ആർ ശ്രീലേഖ വിജയിച്ചത്. മുൻ ഡിജിപിയായ ശ്രീലേഖ നിലവിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയാണ്. മേയർ സ്ഥാനത്തേക്ക് അവസാന നിമിഷം വരെ ശ്രീലേഖയുടെ പേരാണ് ഉയർന്നു കേട്ടിരുന്നത്. എന്നാൽ ആർഎസ്എസും മുരളീധരപക്ഷവും എതിർപ്പ് ഉന്നയിച്ചതോടെയാണ് ശ്രീലേഖയ്ക്ക് പകരം വി വി രാജേഷിനെ മേയർ പദവിയിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. മേയർ സ്ഥാനത്ത് പരിഗണിക്കാത്തത് സംബന്ധിച്ച് പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം ശ്രീലേഖയോട് അഭ്യർത്ഥിച്ചിരുന്നു. മേയർ പദവി നഷ്ടമായതിന് പകരം, ശ്രീലേഖയെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാമെന്ന് വട്ടിയൂർക്കാവിൽ വാ​ഗ്ദാനം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

Previous Post Next Post