ദീപക് ജീവനൊടുക്കിയ സംഭവം; ഡിജിപിക്ക് പരാതി നല്‍കി രാഹുല്‍ ഈശ്വര്‍.


ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച്‌ സാമൂഹ്യമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വർ.

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ദീപക്. ബസിനുള്ളില്‍ വച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു പെണ്‍കുട്ടി വീഡിയോ പങ്കുവച്ചത്.

വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതിയുടേതെന്നും ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വർ ഡിജിപിക്ക് പരാതി നല്‍കി. എന്നാല്‍ ദീപക് ജീവനൊടുക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച്‌ പെണ്‍കുട്ടി രംഗത്തെത്തിയിട്ടുണ്ട്.

പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങള്‍ വ്യക്തമാക്കിയാണ് യുവതി ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. യുവാവ് മരിച്ച വാർത്ത സങ്കടകരമാണെന്നും യുവതി കൂട്ടിച്ചേർത്തു.

Previous Post Next Post