ആദ്യം മാധ്യമങ്ങളെ കണ്ട് മടങ്ങിപ്പോയി; പിന്നാലെ എന്‍എസ്‌എസ് ആസ്ഥാനത്തെത്തി കൊടിക്കുന്നില്‍

എന്‍എസ്‌എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എം.പി.

സൗഹൃദ സന്ദര്‍ശനമാണെന്നും രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു കൊടിക്കുന്നിലിന്റെ സന്ദര്‍ശനം.

വൈകീട്ട് എന്‍എസ്‌എസ് ആസ്ഥാനത്ത് എത്തിയിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ കൊടിക്കുന്നില്‍ തിരികെ പോവുകയായിരുന്നു. പിന്നീട് രാത്രിയോടെ വീണ്ടും ആസ്ഥാനത്തെത്തുകയായിരുന്നു. ഇന്നത്തെ ദിവസം അങ്ങനെ ഒരു ദിവസമായതുകൊണ്ടാണ് തിരികെപ്പോയതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സുകുമാരന്‍ നായരുമായി സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു 'എല്ലാ സമയത്തും ചങ്ങനാശ്ശേരി വരുമ്പോള്‍ എന്‍എസ്‌എസ് ആസ്ഥാനത്ത് വരാറുണ്ട്. അദ്ദേഹവുമായി സൗഹൃദസംഭാഷണം നടത്താറുണ്ട്. മണ്ഡലത്തിലെ കാര്യങ്ങളും പൊതുവായ കാര്യങ്ങളുമൊക്കെ സംസാരിക്കും, അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിനേക്കുറിച്ച്‌ രാവിലെ സുകുമാരന്‍നായര്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, എന്‍എസ്‌എസ് ആസ്ഥാനത്തുവെച്ച്‌ അത്തരത്തില്‍ രാഷ്ട്രീയ പ്രതികരണത്തിനില്ലെന്നും അദ്ദേഹം മറുപടി നല്‍കി. 'സന്ദര്‍ശനത്തിന് യാതൊരു രാഷ്ട്രീയപ്രാധാന്യവുമില്ല. എന്‍എസ്‌എസ് നേതൃത്വവുമായി എനിക്കുള്ള ബന്ധം ഊഷ്മളമാണ്. എപ്പോള്‍വേണമെങ്കിലും ഇവിടെ വരാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാന്‍ വരുന്നതിന് ഒരു പ്രാധാന്യവും കല്‍പ്പിക്കണ്ട. ഇത് എന്റെ വീടാണ്, അദ്ദേഹം പറഞ്ഞു.

വിഡി സതീശനെതിരേ സുകുമാരന്‍ നായര്‍ രാവിലെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്‍എസ്‌എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂറാണ് വിഡി സതീശന്‍ വന്നിരുന്നതെന്നും എന്നിട്ട് സമുദായ സംഘടനകളുടെ തിണ്ണനിരങ്ങില്ലെന്ന് പറയുന്നതിന്റെ കാര്യമെന്തെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിന് അടികിട്ടുമെന്നും സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
Previous Post Next Post