തിരുവനന്തപുരം: സ്‌കൂട്ടറിൽ യാത്ര ചെയ്യവേ മരക്കൊമ്പ് വീണ് യുവാവ് മരിച്ചു. ബന്ധു ഓടിച്ച സ്‌കൂട്ടറിൽ പിൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്.
പാലോട് - ഇടിഞ്ഞാർ റോഡിൽ ഇന്നലെ രാത്രി 10.30 മണിയോടെയാണ് അപകടം. ബ്രൈമൂർ - പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് അപകടം ഉണ്ടായത്. റോഡുവക്കിൽ ഉണങ്ങി നിന്ന മാഞ്ചിയം മരം ഒടിഞ്ഞു സ്‌കൂട്ടർ യാത്രികനായ യുവാവിന്റെ തലയിൽ വീഴുകയായിരുന്നു.
സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങവേയാണ് ദാരുണമായ സംഭവം ഉണ്ടായത്. ബന്ധുവായ ജോയി ഓടിച്ചിരുന്ന ടൂ വീലറിൽ പിൻസീറ്റ് യാത്രക്കാരനായിരുന്ന ഷൈജുവിന്റെ തലയിലാണ് മരം ഒടിഞ്ഞു വീണത്. തല പൊട്ടി റോഡിൽ വീണ ഷൈജുവിനെ ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പാലോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്.
