മുന്നണി മാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ.മാണി. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ജോസ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തരോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി.
കേരള കോണ്‍ഗ്രസ്-എം എവിടെയാണോ അവിടെ ആയിരിക്കും ഭരണമെന്നും ജോസ് അവകാശപ്പെട്ടു. നിലപാടുകളില്‍ വെള്ളം ചേർക്കുന്ന ആളല്ല താനെന്നും ജോസ് പറഞ്ഞു. എല്‍ഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ താൻ താന്നെയായിരിക്കുമെന്നും ജോസ് വ്യക്തമാക്കി. സ്വകാര്യ ആവശ്യങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് എല്‍ഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നെതെന്നും യോഗങ്ങളില്‍ പാർട്ടിയുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നെന്നും ജോസ് കൂട്ടിച്ചേർത്തു.
പാർട്ടി എല്ലാ കാര്യത്തിലും ഒറ്റക്കെട്ടാണെന്നും ജോസ് വ്യക്തമാക്കി. റോഷി അഗസ്റ്റിനുമായി ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും ജോസ് പറഞ്ഞു. മാധ്യമങ്ങള്‍ തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും ജോസ് പറഞ്ഞു.