ബംഗളൂരു: പ്രമുഖ വ്യവസായി സിജെ റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി ഉദ്യോഗസ്ഥരാണെന്ന ആരോപണവുമായി കോൺഫിഡന്റ് ഗ്രൂപ്പ്. ലീഗൽ അഡൈ്വസർ പ്രകാശ് ആണ് ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തിയത്. കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയതെന്നും ഇവർ നിരന്തരം സമ്മർദം ചെലുത്തിയെന്നും പ്രകാശ് പറഞ്ഞു. ബംഗളൂരു അശോക് നഗറിലെ കോൺഫിഡന്റ് പെന്റഗൺ എന്ന കോർപറേറ്റ് ഓഫീസിൽ ഇൻകം ടാക്‌സ് (ഐ ടി) ഉദ്യോഗസ്ഥർ പരിശോധന നടത്തവെയാണ് സിജെ റോയ് ആത്മഹത്യ ചെയ്തത്. സംസ്‌കാരം ഇന്ന് ബംഗളരൂവിൽ നടക്കും
വെള്ളി രാവിലെ പത്ത് മണിക്ക് ശേഷമാണ് കൊച്ചിയിൽനിന്നുള്ള ഉദ്യോഗസ്ഥർ കോർപറേറ്റ് ഓഫീസിൽ എത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥർ അദ്ദേഹത്തെ സെൻട്രൽ ബംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള കോർപറേറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ഉദ്യോഗസ്ഥർ ചില രേഖകൾ ആവശ്യപ്പെട്ടപ്പോൾ അവ എടുത്ത് നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയി. അവിടെ വെച്ച് കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. നെഞ്ചിലാണ് വെടിവെച്ചത്. ഉടൻ തന്നെ എച്ച്എസ്ആർ ലേഔട്ടിലെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ നേരത്തെയും ഐ ടി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥർക്ക് ബംഗളൂരുവിൽ പരിശോധന നടത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സി ജെ റോയ് കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പരിശോധനകൾക്ക് കോടതി സ്റ്റേ അനുവദിച്ചു. എന്നാൽ കഴിഞ്ഞ ദിവസം കോടതി സ്റ്റേ പിൻവലിച്ചിരുന്നു. ഇതിന് ശേഷമാണ് വീണ്ടും പരിശോധനകൾ ആരംഭിച്ചത്.
വെടിവെച്ച തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. അതേസമയം, ഐ ടി ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കൊച്ചി സ്വദേശിയായ സി ജെ റോയിക്ക് കേരളത്തിലുൾപ്പെടെ നിരവധി സംരംഭങ്ങളുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പിന് 160ൽ ഏറെ പ്രൊജക്ടുകൾ ബംഗളൂരുവിൽ മാത്രമുണ്ട്. ഗൾഫ് മേഖലയിലും നിക്ഷേപങ്ങളുണ്ട്.
സിനിമാ നിർമാണ രംഗത്തും സി ജെ റോയ് സജീവമായിരുന്നു. കാസനോവ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഐഡന്റിറ്റി, അനോമി എന്നീ സിനിമകളുടെ സഹനിർമാതാവാണ്. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവെച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. ഏവിയേഷൻ, വിദ്യാഭ്യാസം, റീട്ടെയിൽ, സ്‌പോർട്‌സ് തുടങ്ങിയ രംഗങ്ങളിലും പ്രവർത്തനം വ്യാപിപ്പിച്ചു.
