തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള പോര് ശക്തമാകുന്നു. പ്രതിപക്ഷ നേതാവും ബിജെപിയും തമ്മിൽ രാഷ്ട്രീയ ധാരണയുണ്ടെന്നാണ് പുതിയ ആക്ഷേപം. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വി ശിവൻകുട്ടി ബിജെപി ഡീലുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിക്കുന്നത്. നേമം മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്നാണ് ശിവൻകുട്ടി പറയുന്നത്.
നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരിൽ ബിജെപി വോട്ടുകൾ കോൺഗ്രസിന് ഉറപ്പാക്കുക. ഇതാണ് ഈ 'ഡീലിന്റെ' അടിസ്ഥാനം എന്നും വി ശിവൻകുട്ടി പറയുന്നു. വിഡി സതീശന്റെ ആരോപണങ്ങൾക്ക് പിന്നിൽ ഒത്തുകളി പുറത്തുവരുമ്പോൾ ഉണ്ടായ പരിഭ്രമമാണെന്നും ശിവൻകുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.
ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരേ സമയം താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി ഡി സതീശൻ കൈക്കൊള്ളുന്നത്. വർഗീയ ശക്തികളുമായി ചങ്ങാത്തം കൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. രാഷ്ട്രീയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചർച്ചയെ താഴ്ത്തിക്കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളെയും എകെജി സെന്ററിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമം സതീശന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത് മന്ത്രി ആരോപിക്കുന്നു.
രാഷ്ട്രീയ നിലപാടുകളെ രാഷ്ട്രീയമായി നേരിടാൻ കെൽപ്പില്ലാത്തവരാണ് വിലകുറഞ്ഞ പ്രയോഗങ്ങളുമായി വരുന്നത്. ബിജെപിയുമായുള്ള വഴിവിട്ട ബന്ധം മറച്ചുവെക്കാൻ നടത്തുന്ന ഈ നാടകങ്ങൾ കേരളത്തിന്റെ മണ്ണിൽ വിലപ്പോകില്ല. വികസനവും മതേതരത്വവും ചർച്ചയാകുമ്പോൾ കോൺഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തിൽ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും വി ശിവൻകുട്ടി പറയുന്നു.
വ്യാഴാഴ്ചയാണ് നേമത്ത് മത്സരിക്കാൻ പ്രതിപക്ഷ നേതാവിനെ വി ശിവൻകുട്ടി വെല്ലിവിളിച്ചത്. ഇതിന് പരിഹാസം നിറഞ്ഞ മറുപടിയായിരുന്നു മന്ത്രി വി ശിവൻകുട്ടി നൽകിയത്. മന്ത്രി ശിവൻകുട്ടി വലിയ ഒരാളാണ്. എനിക്ക് സംസ്‌കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ളയാളാണ് അദ്ദേഹം. എനിക്ക് അതിൽ തർക്കമില്ല. നല്ല നിലവാരമുള്ള ആളാണ്. ഞാൻ ശിവൻകുട്ടിയേക്കാൾ നിലവാരം കുറഞ്ഞ ആളാണ്. അപ്പോൾ തർക്കമില്ലല്ലോ' എന്നും വിഡി സതീശൻ പ്രതികരിച്ചിരുന്നു.
