'എനിക്ക് പാർലമെന്ററി മോഹമില്ല, അങ്ങനെയുണ്ടെന്ന് തോന്നിയാൽ ഊളമ്പാറയ്ക്ക് അയക്കണം': വെള്ളാപ്പള്ളി നടേശൻ

 


കോട്ടയം: തനിക്ക് പാർലമെന്ററി വ്യാമോഹമില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.' പാർലമെന്ററി മോഹം വരുമ്പോഴാണ് നമ്മുടെ നടു വളയുന്നത്. ഇത്രയും പ്രായമുള്ള എനിക്ക് പാർലമെന്ററി മോഹമുണ്ടെന്ന് തോന്നിയാൽ ഉടൻ തന്നെ ഊളമ്പാറയിലേക്ക് അയക്കുകയാണ് വേണ്ടത്.' വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പത്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളിക്ക് എസ്എൻഡിപി കോട്ടയം യൂണിറ്റ് നൽകിയ ആദരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


'നമ്മളിരിക്കുന്ന കസേരയോട് നീതി പുലർത്തുകയാണ് വേണ്ടത്. ഈ കസേരയിലിരുന്നുകൊണ്ട് മറ്റൊരു കസേര മോഹിച്ചാൽ സംഘടന നന്നാകില്ല. തനിക്ക് ലഭിച്ച പത്മഭൂഷൺ സമുദായത്തിന് ലഭിച്ച പുരസ്‌കാരമാണ്. മൈക്രോഫിനാൻസ് എന്ന പദ്ധതിയിലൂടെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ കഴിഞ്ഞ പ്രവർത്തനത്തിനാണ് തനിക്ക് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച'തെന്നും വെള്ളാപ്പള്ളി പറഞ്ഞു.


'30 കൊല്ലങ്ങൾക്ക് മുമ്പ് ഈഴവർക്ക് ഒരു പട്ടിയുടെ പരിഗണനയെങ്കിലും ലഭിച്ചിരുന്നോ?. ഞാൻ വന്നതിനു ശേഷമാണ് പട്ടിയല്ല, മനുഷ്യനാണ് എന്ന പരിഗണന വരുന്നത്. ഈ 30 കൊല്ലം കൊണ്ടാണ് മാറ്റം വന്നത്. അല്ലാതെ ആര് എന്തു പരിഗണനയാണ് നൽകുന്നത്. കോട്ടയത്ത് ഈഴവനായി ഒരു എംഎൽഎ മാത്രമാണുള്ളത്. വി എൻ വാസവൻ മാത്രം.' വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.


സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ പോലും കൃത്യമായി ലഭിച്ചിരുന്നില്ല. ഇതേപ്പറ്റി അറിവും തിരിച്ചറിവുമുള്ള ആളുകൾ പലരും ഇതേപോലുള്ള ആനുകൂല്യങ്ങൾ വാങ്ങിക്കൊണ്ടുപോകുമ്പോൾ നമ്മൾക്ക് വെറുതെ നോക്കി നിൽക്കാനേ സാധിക്കുന്നുള്ളൂ. ഇത് ചോദിച്ചാൽ ജാതി പറഞ്ഞെന്നായി. പിന്നെ ഗുരുദേവനെ മുന്നിൽ നിർത്തി നമ്മളെ തകർത്താനും തളർത്താനുമാണ് ശ്രമിക്കുന്നത്. എന്തായാലും നമുക്ക് ആരോടും വിദ്വേഷം വേണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Previous Post Next Post