ഒന്നല്ല, കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകള്‍; നാല് പുതിയ ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സർവീസുകളും ഗുരുവായൂർ - തൃശൂർ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുക. അടുത്തയാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിന് ലഭിച്ച നാലു ട്രെയിനുകളും തമിഴ്‌നാടിന് അനുവദിച്ച രണ്ട് ട്രെയിനുകളുമാണ് മോദി ഫ്ലാഗ് ഓഫ് ചെയ്യുക.


തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം ഗുരുവായൂർ-തൃശൂർ പാസഞ്ചറുമുണ്ട്. നാഗർകോവിൽ - ചർലാപ്പള്ളി, കോയമ്പത്തൂർ-ധൻബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്‌നാടിന് ലഭിക്കുക.


ഷൊർണൂർ നിലമ്പൂർ പാത വൈദ്യുതീകരണവും റെയിൽവേ അംഗീകരിച്ചിട്ടുണ്ട്. ഒപ്പം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ച 11 സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിൽ കുറ്റിപ്പുറം, ചങ്ങനാശ്ശേരി, ഷൊർണൂർ സ്‌റ്റേഷനുകൾ ഇത്തരത്തിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ചവയാണ്.


ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചർ ദിവസവും സർവീസ് നടത്തും. വൈകീട്ട് 6.10ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 6.50ന് തൃശ്ശൂരിലെത്തും. തൃശ്ശൂരിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലെത്തും.



Previous Post Next Post