'മലപ്പുറം ജില്ല വിഭജിക്കണം, മതത്തിന്റെ കണ്ണിലൂടെ കാണരുത്'; ആവശ്യവുമായി കാന്തപുരം വിഭാഗം

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരള യാത്ര മലപ്പുറത്തെത്തിയപ്പോൾ പ്രസ്താവന വായിച്ചാണ് ആവശ്യം ഉന്നയിച്ചത്.


കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ ആണ് ഇത്തരമൊരു പ്രസ്താവന വായിച്ചത്. ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി അതിനെ കാണണമെന്നും ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.


ജില്ലാ വിഭജനം റവന്യൂ സൗകര്യങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ അത് ഫെഡറൽ സംവിധാനത്തിന്റെ ലംഘനമല്ല. ജില്ലകളെ പുനഃക്രമീകരിക്കുന്നത് മതപരമായ കണ്ണിലൂടെ കാണുന്നത് തെറ്റായ പ്രവണതയാണ്. കേരളത്തിലെ മുഴുവൻ ജില്ലകളുടെയും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകൾ സൂഷ്മമായി പഠിച്ചുകൊണ്ടുളള പുനഃസംഘടനയാണ് വേണ്ടതെന്നും ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.


എസ്എൻഡിപിയ്ക്ക് മലപ്പുറത്ത് ഒരു സ്ഥാപനം ഇല്ലെന്ന വെളളാപ്പളളി നടേശന്റെ ആരോപണത്തിനും ഖലീൽ തങ്ങൾ മറുപടി നൽകി. എസ്എൻഡിപി അപേക്ഷ കൊടുത്തിട്ട് അവർക്ക് അർഹതയുളളത് കൊടുത്തിട്ടില്ലെങ്കിൽ സർക്കാർ അത് കൊടുക്കണം എന്നാണ് അഭിപ്രായം എന്നാണ് അദ്ദേഹം പറഞ്ഞത്. മലപ്പുറത്ത് ഒരു എയ്ഡഡ് സ്‌കൂൾ പോലും ഇല്ലാത്തവരാണ് എ പി അബൂബക്കർ വിഭാഗമെന്നും ആർക്കൊക്കെ എന്തൊക്കെ കിട്ടി എന്നറിയാൻ സർക്കാർ ഇക്കാര്യത്തിൽ ഒരു ധവളപത്രം ഇറക്കട്ടെയെന്നും ഖലീൽ തങ്ങൾ കൂട്ടിച്ചേർത്തു.


ജനുവരി ഒന്നാം തീയതി മുതലാണ് എ പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ കേരള യാത്ര ആരംഭിച്ചത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് യാത്ര. കേരളത്തിലെ മുസ്ലിം വിഭാഗങ്ങൾക്കിടയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്.

Previous Post Next Post