തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം അവതരിപ്പിക്കാനുള്ള ഒരു പദ്ധതിയും തനിക്കില്ലെന്നു ഹൈക്കമാൻഡിനെ അറിയിച്ച് ശശി തരൂർ എംപി. ആഴ്ചകൾക്ക് മുൻപ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാൻ താനില്ലെന്ന് തരൂർ വ്യക്തമാക്കിയത്. തരൂർ മുഖ്യമന്ത്രി സ്ഥാനാർഥിയായി എത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ്, നേതൃത്വത്തെ തിരുവനന്തപുരം എംപി നിലപാട് അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപായി കേരള രാഷ്ട്രീയത്തിൽ സജീവമാവാൻ നേതാക്കൾ തരൂരിനോട് ആവശ്യപ്പെട്ടു. ഇതിനോട് അനുകൂലമായി പ്രതികരിച്ച തരൂർ ഇക്കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന നേതൃക്യാംപിൽ സജീവമായി രംഗത്തുണ്ടായിരുന്നു.
ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തരൂർ കേരള രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകണമെന്ന് രാഹുലും ഖാർഗെയും ആവശ്യപ്പെട്ടതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് തരൂർ നേതൃത്വത്തെ അറിയിച്ചതായാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. മാധ്യമങ്ങൾ തന്റെ പ്രസ്താവനകൾ ഭാഗികമായി റിപ്പോർട്ട് ചെയ്യുന്നതാണ് പല വിവാദങ്ങൾക്കും കാരണമെന്നും, തന്റെ പ്രസ്താവന പൂർണമായി മനസിലാക്കാതെ മറ്റ് നേതാക്കൾ പ്രതികരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കേരളത്തിലെ നേതാക്കളെ അറിയിക്കുകയും തരൂരിനെ പ്രകോപിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനാർഥിയാകാനില്ലെന്ന തരൂരിന്റെ നിലപാട് മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന മറ്റ് നേതാക്കൾക്കും ആശ്വാസമായിരിക്കുകയാണ്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ തമ്മിൽ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന സാഹചര്യത്തിലാണ് തരൂർ പാർട്ടിയെ ശക്തിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാൻ തയ്യാറായത്. യുഡിഎഫിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയുണ്ടായാൽ അതിന്റെ പഴി കേൾക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും തരൂർ പറഞ്ഞു. വയനാട്ടിൽ നടന്ന 'ലക്ഷ്യ-2026' നേതൃക്യാപിൽ തരൂരിന് മികച്ച പരിഗണനയാണ് ലഭിച്ചത്. വിഡി സതീശന്റെ സമാപന പ്രസംഗത്തിൽ തരൂരിന്റെ ചില നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
