തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കോൺഗ്രസ് ഔദ്യോഗികമായി കടക്കുന്നു. ഇതിന്റെ ഭാഗമായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്ന് കേരളത്തിലെത്തും. വൈകീട്ടാണ് മിസ്ത്രി തിരുവനന്തപുരത്തെത്തുക. പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രാഥമിക ചർത്തകളാകും എഐസിസി നിയോഗിച്ച സമിതി നടത്തുക. എംപിമാരെയോ, എംഎൽഎമാരെയോ കൂടിക്കാഴ്ചയ്്ക്കായി ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം വരെ നീളുന്ന സിറ്റിങ്ങുകൾ തലസ്ഥാനത്ത് നടക്കുമെന്നാണ് വിവരം.
വിജയസാധ്യതക്ക് മാത്രം മുൻഗണന നൽകി കർക്കശ മാനദണ്ഡങ്ങളാകും ഇക്കുറി പിന്തുടരുകയെന്നാണ് സൂചന. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള മൂന്നുപേരുടെ പട്ടിക തയാറാക്കാൻ എഐസിസി നിർദേശം നൽകിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പ് അനുവദിക്കില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ കേരള യാത്ര അവസാനിക്കുന്നതോടെ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
