ജോബ് അപായപ്പെടുത്തുമെന്ന് ഭയം, സുഹൃത്തിനെ വിളിച്ച് ഷേർളി; ഇരട്ട മരണത്തിൽ ദുരൂഹത മാറാതെ ബോഗെയ്ൻവില്ല വീട്

കോട്ടയം: കാഞ്ഞിരപ്പിള്ളിയിലെ ഇരട്ടമരണത്തിന്റെ നടുക്കം മാറാതെ നാട്. ചിരിച്ചമുഖവുമായി എപ്പോഴും കാണുന്ന ഷേർളി മാത്യു, പൂച്ചെടി പരിപാലനവും മൃഗസ്‌നേഹിയുമായി സമീപവാസികൾക്ക് നല്ല അയൽക്കാരിയായിരുന്നു. ഷേർളിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന കഥകൾ കേട്ട് അമ്പരപ്പിലാണ് നാട്ടുകാർ. നെടുങ്കണ്ടം കല്ലാർ തുരുത്തിയിൽ ഷേർളി മാത്യു (45), കോട്ടയം കുമ്മനം ആലുംമൂട് കുരുട്ടുപറമ്പിൽ ജോബ് സക്കറിയ (38) എന്നിവരെ, ഷേർളിയുടെ കുളപ്പുറത്തുള്ള വീട്ടിൽ ഞായറാഴ്ച രാത്രിയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.


ഷേർളി മാത്യുവിന്റെയും ജോബിന്റെയും മരണത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ജോബുമായി വഴക്കുണ്ടാക്കിയെന്നും തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഷേർളി മറ്റൊരു സുഹൃത്തിനെ ഞായറാഴ്ച വൈകിട്ട് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. സുഹൃത്ത് രാത്രി തിരികെ വിളിച്ചെങ്കിലും ഷേർളി ഫോൺ എടുത്തിരുന്നില്ല. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.


പൊലീസ് എത്തിയപ്പോൾ വീടിന്റെ കിടപ്പുമുറിയിൽ നിലത്ത് ഷേർളിയെ രക്തം വാർന്നു മരിച്ചനിലയിൽ കിടക്കുന്നതാണ് കണ്ടത്. ഹാളിൽ സ്റ്റെയർകെയ്‌സ് കമ്പിയിൽ ജോബിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഷേർളിയെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയശേഷം ജോബ് ജീവനൊടുക്കിയതാണെന്നാണ് പൊലീസ് വിലയിരുത്തൽ. എട്ടു മാസമായി ജോബ് ഷേർളിയോടൊപ്പം ഈ വീട്ടിൽ ഉണ്ടായിരുന്നെന്നും, സഹോദരനാണ് എന്നാണ് പറഞ്ഞിരുന്നതെന്നും നാട്ടുകാർ പറയുന്നു.


ഷേർളിയും ജോബും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായാണ് പൊലീസിന് ലഭിച്ച സൂചന. ജോബിനെതിരേ ഷേർളി മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നതായും വിവരമുണ്ട്. ഈ തർക്കങ്ങളാണോ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നത് അടക്കമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. ഇരുവരുടേയും ബന്ധുക്കളിൽനിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. ഭർത്താവ് മരിച്ചെന്നും വിവാഹബന്ധം വേർപ്പെടുത്തിയെന്നും തുടങ്ങി പല കഥകളാണ് ഷേർളി നാട്ടുകാരോട് പങ്കുവെച്ചിരുന്നത്.

Previous Post Next Post