ബലാത്സംഗക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി തെളിവെടുപ്പിന് പ്രത്യേക അന്വേഷണ സംഘം.
പത്തനംതിട്ട എ ആര്‍ ക്യാംപില്‍ നിന്നും രാവിലെ ആറു മണിക്ക് തന്നെ രാഹുലുമായി എസ്‌ഐടി സംഘം തെളിവെടുപ്പിന് പുറപ്പെട്ടു. യുവതിയെ പീഡിപ്പിച്ചു എന്നു പരാതിയില്‍ പറയുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുക്കും.
കനത്ത പൊലീസ് ബന്തവസ്സോടെയാണ് പൊലീസ് സംഘം പുറപ്പെട്ടത്. തെളിവെടുപ്പിനായി പൊലീസ് വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്. രാഹുലിന്റെ വീട്ടിലും, പാലക്കാട് എത്തിച്ചും തെളിവെടുപ്പു നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി കോടതിയില്‍ അറിയിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിരുന്നു. രാഹുലിനെ അറസ്റ്റ് ചെയ്ത പാലക്കാട് കെപിഎം ഹോട്ടലില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷകസംഘത്തിന്റെ നിഗമനം. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ശനി രാത്രി 12.30ഓടെയാണ് പാലക്കാട്ടെ കെപിഎം ഹോട്ടലില്‍നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.