യുവതിയുമായി ഹോട്ടലില്‍ വന്ന കാര്യം സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ . അതിജീവിതയുമായി സംസാരിക്കാനാണ് ഹോട്ടലിലെത്തിയതെന്നാണ് രാഹുല്‍ പറഞ്ഞത്.
പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മൗനം പാലിച്ചുവെന്നാണ് സൂചന. പത്തനംതിട്ട എ ആര്‍ ക്യാംപില്‍ നിന്നും രാവിലെ ആറു മണിയോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ല ക്ലബ് സെവന്‍ ഹോട്ടലിലെത്തിച്ചാണ് എസ്‌ഐടി തെളിവെടുത്തത്.
ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയില്‍ എത്തിയിരുന്നതായും രാഹുല്‍ പൊലീസിനോടു സമ്മതിച്ചു. 2024 ഏപ്രില്‍ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും സമ്മതിച്ചു. ഹോട്ടല്‍ രജിസ്റ്ററില്‍ നിന്നും രാഹുല്‍ ബി ആര്‍ എന്ന പേരും എസ്‌ഐടി കണ്ടെത്തി. ഇതാണ് രാഹുലിന്റെ യഥാര്‍ത്ഥ പേര്. ഹോട്ടലിലെ പീഡനം നടന്ന മുറിയിലെത്തിച്ചും തെളിവെടുത്തു. പതിനഞ്ചു മിനിറ്റാണ് ഹോട്ടലില്‍ രാഹുലിനെയെത്തിച്ച് തെളിവെടുത്തത്.
തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ പുഞ്ചിരിച്ച മുഖവുമായി ഹോട്ടലിലേക്ക് കയറിയ രാഹുലിന്റെ മുഖത്തു പക്ഷേ മടങ്ങിയപ്പോള്‍ ചിരിമാഞ്ഞിരുന്നു. ഹോട്ടല്‍ രജിസ്റ്ററില്‍ സംഭവദിവസം 408-ാം നമ്പർ മുറി അതിജീവിതയുടെ പേരിലാണുള്ളത്. ഒപ്പമുണ്ടായിരുന്ന ആളുടെ പേര് രാഹുല്‍ ബി ആർ എന്നുമാണ്. സംഭവദിവസം ഇവർ ഹോട്ടലില്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചില്ല. 21 മാസം പിന്നിട്ടതിനാല്‍, ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഹാർഡ്ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
തെളിവെടുപ്പിന് ശേഷം രാഹുലിനെ വീണ്ടും പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു. രാഹുല്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. അതിനാല്‍ പാലക്കാട്ടെത്തിച്ച് തെളിവെടുക്കുന്നതില്‍ പിന്നീട് തീരുമാനമെടുക്കും. വ്യാഴാഴ്ച ഉച്ചവരെയാണ് രാഹുലിന്റെ അറസ്റ്റ് കാലാവധി. ഇതിനകംതന്നെ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പ്രത്യേക അന്വേഷണസംഘം ശ്രമിക്കുന്നത്. ഇതിനായി കസ്റ്റഡിയില്‍ വീണ്ടും ചോദ്യം ചെയ്യും. ഹോട്ടലില്‍ നിന്നും കണ്ടെടുത്ത രാഹുലിന്റെ മൊബൈല്‍ ഫോമിന്റെ പാസ് വേഡ് പൊലീസിന് നല്‍കിയിട്ടില്ല. ഇതിനാല്‍ വിദഗ്ധ സംഘത്തെക്കൊണ്ട് ഫോണ്‍ തുറന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.