തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കാനില്ലെന്ന പ്രസ്താവന മണിക്കൂറുകൾക്കുളളിൽ തിരുത്തി മന്ത്രി വി ശിവൻകുട്ടി. ഇത്തവണ നേമത്ത് മത്സരിക്കാൻ ഇല്ലെന്നായിരുന്നു ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പിന്നീട് മന്ത്രി തന്നെ ഇക്കാര്യം തിരുത്തുകയായിരുന്നു. നേമത്ത് മത്സരിക്കുമെന്നോ ഇല്ലെന്നോ താൻ പറഞ്ഞിട്ടില്ല എന്നാൽ ചിലർ ഇതിൽ മനഃപൂർവം ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്. സ്ഥാനാർഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു
'നേമത്ത് താൻ രണ്ടുതവണ ജയിച്ചു. ഒരുതവണ തോറ്റു. ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും. നേമത്ത് കുമ്മനം രാജശേഖരനെയും കെ മുരളീധരനെയും പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്ന രീതി സിപിഎം നേതാക്കൾക്കില്ല. പാർട്ടിയുടെ ഏത് തീരുമാനവും ഇതുവരെ അനുസരിച്ചിട്ടുണ്ടെന്നും എന്റെ പാർട്ടി തീരുമാനിക്കുന്നതിനനുസരിച്ചായിരിക്കും കാര്യങ്ങൾ'-ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിൽ ഒന്ന് ഇത്തവണയും നേമം നിയോജകമണ്ഡലത്തിലായിരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശിവൻകുട്ടി തന്നെ വീണ്ടും സ്ഥാനാർഥിയായിൽ മത്സരം ശക്തമാകുമെന്നുറപ്പ്. 2016ൽ ബിജെപി അക്കൗണ്ട് തുറന്ന നേമം കഴിഞ്ഞ തവണ ശിവൻകുട്ടി തിരിച്ചുപിടിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം നേരത്തെ നടത്തി രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ സജീവമായി. ലോക്സഭാ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് നേമത്തുണ്ടായ മുന്നേറ്റമാണ് രാജീവ് ചന്ദ്രശേഖറിന് ആത്മവിശ്വാസം നൽകുന്നത്.
2021-ലെ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ 3949 വോട്ടുകൾക്ക് ശിവൻകുട്ടി പരാജയപ്പെടുത്തിയെങ്കിലും പിന്നീട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നേമം ബിജെപിക്കൊപ്പം നിന്നു. രാജീവ് ചന്ദ്രശേഖറായിരുന്നു നേമം ഉൾക്കൊള്ളുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി. രാജീവ് ചന്ദ്രശേഖർ ഏറ്റവുംകൂടുതൽ വോട്ട് സമാഹരിച്ചതും നേമത്ത് നിന്നായിരുന്നു. എൽഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലവും ബിജെപിയെ തുണക്കുന്നതായിരുന്നു.
2021ലേതിന് സമാനമായി കോൺഗ്രസും ശക്തനായ സ്ഥാനാർഥിയെ തന്നെ ഇത്തവണയും നിർത്തിയേക്കും. കഴിഞ്ഞ തവണ മത്സരിച്ച കെ മുരളീധരൻ നേമത്തെ എത്താനുള്ള സാധ്യത കുറവാണ്. മണ്ഡലത്തിൽനിന്ന് തന്നെ സ്ഥാനാർഥിയെ കണ്ടെത്താനാണ് കോൺഗ്രസ് നീക്കം.
