'എന്തോ മനസ്സില്‍ വച്ചു പറയുന്നു'; ആനന്ദബോസിനെ തടഞ്ഞിട്ടില്ല, ആരോപണം തള്ളി എന്‍എസ്എസ്

കോട്ടയം: മന്നത്ത് ആചാര്യന്റെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിന്റെ ആരോപണം തള്ളി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ. ആനന്ദബോസ് പറയുന്നതുപോലെ ഒരു സംഭവവും നടന്നിട്ടില്ല. ആനന്ദബോസ് ഇവിടെ വന്നിട്ട് കയറാൻ കഴിയാതെ ഒരിക്കലും പോയിട്ടില്ല. അദ്ദേഹം എന്തെങ്കിലും മനസിൽ വച്ചാണോ പറയുന്നതെന്ന് സംശയം ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.


'സിവി ആനന്ദബോസ് ഗവർണറാകുന്നതിന് മുൻപ് ഇവിടെ വന്നിട്ടുണ്ട്. പുഷ്പാർച്ചന നടത്തിയിട്ടുമുണ്ട്. ഒരിക്കലും അദ്ദേഹം ഇവിടെ വരാൻ അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല. ഇവിടെ വന്നിട്ട് കയറാതെ പോയിട്ടുമില്ല. എന്തെങ്കിലും മനസിൽ വച്ച് പറയുന്നതാണെന്ന് സംശയിക്കുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് പ്രത്യേകസമയമുണ്ട്. മറ്റ് സമയങ്ങളിൽ ജനറൽ സെക്രട്ടറിയുടെ അനുവാദം വേണം. എന്നോട് അദ്ദേഹം അങ്ങനെയൊന്ന് ആവശ്യപ്പെട്ടിട്ടില്ല. അസമയത്ത് ആരെങ്കിലും കേറി ഇവിടെ നിരങ്ങിയേച്ച് പോയാൽ അറിയേണ്ടേ?'- ജി സുകുമാരൻ നായർ പറഞ്ഞു.


ഗവർണറായി സ്ഥാനമേൽക്കും മുൻപ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്നായിരുന്നു ഗവർണർ സിവി ആനന്ദബോസിന്റെ ആരോപണം. എല്ലാ നായൻമാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകം. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നതെന്നും മന്നംസമാധിയിൽ പുഷ്പാർച്ച നടത്തുകയെന്നത് നായർ സമുദായ അംഗങ്ങളുടെ അവകാശമാണെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ മന്നം ജയന്തി അനുസ്മരണത്തിലായിരുന്നു ആനന്ദബോസിന്റെ പരാമർശം.


'എനിക്ക് വളരെ സങ്കടകരമായ ഒരുകാര്യം ഉണ്ടായി. അത് നിങ്ങളുമായി തുറന്നുപറയാൻ ആഗ്രഹിക്കുകയാണ്. ഗ്രാമപ്രദേശത്തെ മലയാളം മീഡിയത്തിൽ പഠിച്ചയാളാണ് ഞാൻ. ദൈവാനുഗ്രഹം കൊണ്ടും കരയോഗത്തിൽ നിന്നുകിട്ടിയ ശിക്ഷണം കൊണ്ട് ഐഎഎസ് കിട്ടി. ഒരുദിവസം ഇന്ത്യയുടെ പ്രധാനമന്ത്രി വിളിച്ചിട്ട് പറഞ്ഞു. ആനന്ദബോസ് ഒന്നു കാണണം. എന്നിട്ട് പറഞ്ഞു. ബംഗാളിന്റെ ഗവർണറാകണം. എന്നെ ആ സ്ഥാനത്ത് എത്തിച്ചത് കരയോഗമാണ്. ഇത് മനസിൽ വച്ചുകൊണ്ട് ടെലിഫോണിൽ ഞാൻ ഒരു അപേക്ഷ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ അറിയിച്ചു. എനിക്ക് പശ്ചിമബംഗാൾ ഗവർണറായി ചുമതലയെടുക്കുന്നതിന് മുൻപ് മന്നത്തിന്റെ സ്മാരകത്തിൽ പുഷ്പാഞ്ജലി നടത്തണമെന്ന്. അതിന്റെ ഭാഗമായി എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ അപ്പോയിന്റ്മെന്റ് കിട്ടി. ഞാൻ അവിടെ ചെന്നു. അദ്ദേഹം എന്നെ കാറിന്റെ ഡോർ തുറന്ന് സ്വീകരിച്ചു. ചായ തന്ന് സംസാരിച്ച് കാറിൽ കയറ്റി തിരികെ അയക്കുകയും ചെയ്തു'


'സമാധിയിൽ പുഷ്പാർച്ചന നടത്തുന്ന കാര്യമൊന്നും പറഞ്ഞില്ല. എനിക്ക് സമാധിയിൽ പുഷ്പാർച്ചന നടത്താൻ അവകാശമില്ലേ?. നായർ സമുദായത്തിൽ പിറന്ന ഓരോരുത്തനും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്ത് ആചാര്യന്റെ സമാധിയിൽ പോയി പുഷ്പാർച്ചന നടത്തുകയെന്നത് ഓരോരുത്തർക്കും അവകാശപ്പെട്ടതല്ലേ?. ഇത് ഒരാളുടെ മാത്രം കുത്തകയാണോ?. പണ്ട് സനകകുമാരൻമാർ മഹാവിഷ്ണുവിനെ കാണാനെത്തി. കാവൽക്കാരായ ജയവിജയൻമാർ തടഞ്ഞു. അവർക്ക് ശാപംകിട്ടി അവർ ഭൂമിയിൽ പതിച്ചു. കാവൽക്കാർ ഒരു കാര്യം ഓർക്കണം. ഗേറ്റ് കീപ്പർമാരെ കാണാൻ അല്ല പെരുന്നയിൽ വരുന്നത്. ഇപ്പോഴുള്ളവരെ ബഹുമാനിക്കുന്നു. എന്നാൽ മന്നത്ത് ആചാര്യനെ ബഹുമാനിക്കാൻ അവസരം കിട്ടുന്നില്ലെന്നത് സങ്കടകരമാണ്. ഏതൊരു നായർ യുവാവിനും യുവതിക്കും ഒരു നേട്ടം കിട്ടുമ്പോൾ മന്നത് ആചാര്യന് മുന്നിൽ പ്രണാമിക്കാനും പുഷ്പാഞ്ജലി നടത്താനും അവസരം ഉണ്ടാക്കണം. ഇന്ദ്രപ്രസ്ഥത്തിൽ മന്നത്ത് ആചാര്യന് വേണ്ടി ഒരു സ്മാരകം പണിയണം'- ആനന്ദബോസ് പറഞ്ഞു.

Previous Post Next Post