സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലിൽ 2 വിദ്യാർഥിനികളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പുകൾ കണ്ടെടുത്തു.
കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി (15) എന്നിവരാണ് മരിച്ചത്.
വൈഷ്ണവി കബഡി താരവും സാന്ദ്ര സ്പ്രിന്റ് താരവും ആണ്. സാന്ദ്ര നാല് വർഷം മുൻപും വൈഷ്ണവി ഒന്നര വർഷം മുൻപും ആണ് സായ് ഹോസ്റ്റലിലെത്തിയത്.
ഇരുവരുടെയും പോക്കറ്റിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയത്. വിദ്യാർത്ഥിനികളുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വൈഷ്ണവിയുടെ മുറി താഴത്തെ നിലയിലും സാന്ദ്രയുടെ മുറി മൂന്നാം നിലയിലുമാണ്. പുലർച്ചെ 5നു പരിശീലനം ആരംഭിച്ചപ്പോൾ ഇരുവരും എത്തിയിരുന്നില്ല. തുടർന്ന് സെക്യൂരിറ്റിയും പരിശീലകരും അന്വേഷിച്ച് സാന്ദ്രയുടെ മുറിയിൽ എത്തിയപ്പോൾ മുറി ഉള്ളിൽ നിന്ന് കുട്ടിയിട്ടിരുന്നതായി കണ്ടെത്തി. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ ആണ് ഇരുവരെയും 2 ഫാനുകളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്.
