കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട് കരട് പട്ടികയില്‍ ഉള്‍പ്പെടാത്ത വോട്ടര്‍മാര്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് വലിയ ആശ്വാസം.
കരട് പട്ടികയില്‍ പേര് വരാത്തവര്‍ക്ക് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നിലവില്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ ഇടം നേടാനുള്ള അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ നടപടികള്‍ അത്യാവശ്യമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അര്‍ഹരായവര്‍ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. ബിഹാര്‍ എസ്‌ഐആറുമായി ബന്ധപ്പെട്ട ഘട്ടത്തില്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തില്‍ അത് നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിരുന്നില്ല. ഈ നടപടിയിലൂടെ ഏതൊക്കെ വോട്ടര്‍മാര്‍ക്കാണ് വോട്ട് നഷ്ടപ്പെട്ടതെന്ന് കൃത്യമായി മനസ്സിലാക്കാനും പരാതികള്‍ നല്‍കാനും സാധിക്കും.
സുപ്രീം കോടതിയുടെ പുതിയ ഉത്തരവോടെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതും പരിശോധിക്കുന്നതും ജനുവരി അവസാന വാരം വരെ നീളും. നേരത്തെ ജനുവരി 21 വരെയായിരുന്നു ഇതിനായി സമയം അനുവദിച്ചിരുന്നത്. പുതുക്കിയ സമയക്രമം അനുസരിച്ച് ഫെബ്രുവരി 16-ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും