പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ ബലാത്സംഗ കേസില്‍ പരാതിക്കാരിക്കെതിരെ കോണ്‍ഗ്രസ് നേതാവും രാഹുലിന്‍റെ സുഹൃത്തുമായ ഫെന്നി നൈനാൻ.
രാഹുലിനെ സ്വകാര്യമായി കാണണമെന്ന് രണ്ടുമാസം മുൻപും യുവതി ആവശ്യപ്പെട്ടു. ഓഫീസില്‍ എത്താൻ ആവശ്യപ്പെട്ടപ്പോള്‍ സ്വകാര്യമായി കാണണമെന്ന് പറഞ്ഞു. രാത്രിയായാലും കുഴപ്പമില്ല എന്ന് അറിയിച്ചുവെന്നാണ് ഫെനി നൈനാൻ അവകാശപ്പെടുന്നത്. പരാതിക്കാരിയുമായുള്ള വാട്സ് ആപ്പ് ചാറ്റ് എന്ന പേരില്‍ സ്ക്രീൻ ഷോട്ടുകളും ഫെനി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ അത് പോര സ്വകാര്യത വേണം എന്നും ഓഫീസില്‍ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുല്‍ എംഎല്‍എയുടെ ഫ്ലാറ്റില്‍ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി തന്നോട് പറഞ്ഞു. ഫ്ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്ന് അവർ പറഞ്ഞു. ഫ്ലാറ്റില്‍ അസൗകര്യം ആണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണം എന്നും എംഎല്‍എ ബോർഡ് വച്ച വണ്ടി വേണ്ട അവർ വരുന്ന വണ്ടി മതി എന്നും അവർ എന്നോട് പറഞ്ഞു. 2024ല്‍ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറില്‍ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിന്‍റെ ലോജിക് എന്താണെന്നും ഫെനി ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തു എന്ന വിവരം തനിക്ക് അതിശയമായി തോന്നി എന്നാണ് ഇന്നലെ ഫെനി ഫേസ്ബുക്കില്‍ കുറിച്ചത്. അതിജീവിത തന്നോട് 2025 നവംബർ വരെ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിയില്‍ തെളിവായി കൊടുക്കാൻ ഈ കേസ് വാദിക്കുന്ന അഭിഭാഷകന് നല്‍കിയിട്ടുണ്ടെന്നും ഫെനി പറഞ്ഞിരുന്നു.