'ദൈവത്തിന് നന്ദി'യെന്ന്, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ആദ്യ പരാതിക്കാരി.
ലോകം കേള്‍ക്കാത്ത നിലവിളി ദൈവം കേട്ടു എന്നും യുവതി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ഇരുട്ടില്‍ ചെയ്ത പ്രവർത്തികള്‍ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങള്‍ സ്വർഗത്തില്‍നിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിത സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'പ്രിയപ്പെട്ട ദൈവമേ, എല്ലാ വേദനകളും, വിധികളും, വഞ്ചനകളും സഹിച്ച് മുന്നോട്ട് പോകാൻ ധൈര്യം നല്‍കിയതിന് നന്ദി. ഇരുട്ടില്‍ അയാള്‍ ചെയ്ത പ്രവൃത്തി നീ കണ്ടു. ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തപ്പോളും നീ ഞങ്ങളെ ചേർത്തു പിടിച്ചു. ആ മാലാഖ കുഞ്ഞുങ്ങള്‍ സ്വർഗത്തില്‍ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നു'.
'ആ മാലാഖ കുഞ്ഞുങ്ങളുടെ ആത്മാക്കള്‍ സമാധാനത്തോടെ വിശ്രമിക്കട്ടെ. അക്രമത്തില്‍ നിന്നും ഭയത്തില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത ഈ ലോകത്തില്‍ നിന്നും ആ മാലാഖ കുഞ്ഞുങ്ങള്‍ സ്വതന്ത്രരായിരിക്കട്ടെ. നമ്മുടെ കണ്ണുനീർ സ്വർഗത്തില്‍ എത്തിയാല്‍, അവർ നിങ്ങളോട് ഇക്കാര്യം പറയട്ടെ. നിങ്ങളുടെ അമ്മ ഒരിക്കലും നിങ്ങളെ മറന്നില്ല. നിങ്ങളുടെ അസ്തിത്വം പ്രധാനമാണ്. നിങ്ങളുടെ ആത്മാവ് പ്രധാനമാണ്. വീണ്ടും കണ്ടുമുട്ടുന്നതുവരെ അമ്മമാർ നിങ്ങളെ ഞങ്ങളുടെ ഹൃദയങ്ങളില്‍ താലോലിക്കും. കുഞ്ഞാറ്റേ, അമ്മ നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു'. യുവതി കുറിച്ചു.
മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്ബത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയില്‍ വഴി നല്‍കിയ പരാതിയിലാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.