തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സർക്കാർ ഉത്തരവ് മരവിപ്പിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് തീരുമാനം.
നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് കൂടുതൽ വ്യക്തത ആവശ്യമായതിനാൽ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെയാണ് നിലവിലെ ഉത്തരവ് മരവിപ്പിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സർവീസിലുള്ളവർക്കായി ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെ- ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സർക്കാർ ഉടൻ പുനഃപരിശോധന ഹർജി നൽകും.
കെ- ടെറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിനെതിരെ ഇടത് അധ്യാപക സംഘടന കെഎസ്ടിഎ ഉൾപ്പെടെ പരാതിപ്പെട്ടതോടെയാണ് ഉത്തരവ് മരവിപ്പിച്ചത്. പൊതുവിദ്യാലയങ്ങളിൽ അഞ്ചുവർഷത്തിലേറെ സർവീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയത്.
