തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയെ കുറിച്ച് കേന്ദ്രത്തോട് പറഞ്ഞിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിക്ക് അനുകൂലമായി ഡൽഹിയിൽ പറഞ്ഞുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പദ്ധതിയെ താൻ അനുകൂലിക്കാൻ പാടില്ല, മുഖ്യമന്ത്രിക്ക് പറയാമെന്നാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
എൽഡിഎഫിന് ഇപ്പോൾ ശ്രീധരനെ പിടിക്കുന്നില്ല, പണ്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ശ്രീധരനെ കൊച്ചി മെട്രോയിൽ നിന്ന് മാറ്റാൻ പോകുന്നുവെന്ന് പറഞ്ഞ് സമരം ചെയ്തവരാണ്, ഇപ്പോൾ ശ്രീധരനെ പിടിക്കുന്നില്ല. അന്ന് വ്യവസായി മന്ത്രി തന്നെ ഉണ്ടാക്കിയ കഥയാണ് ശ്രീധരനെ മാറ്റാൻ പോകുന്നുവെന്നത്. ഇപ്പോൾ ശ്രീധരനെ പിടിക്കുന്നില്ലെന്നും സതീശൻ പരിഹസിച്ചു.
കേരളത്തിൽ അതിവേഗ ട്രെയിൻ പദ്ധതി കൊണ്ടുവരുന്നതിന് കോൺഗ്രസ് എതിരല്ല, കേരളത്തിൽ ഇത്തരം പദ്ധതികൾ വരണം, അടിസ്ഥാന സൗകര്യങ്ങൾ വികസിക്കണം. എന്നാൽ ഇതിന് പാരിസ്ഥിതികമായി പരിശോധനകൾ നടത്തി. സാമ്പത്തികമായി കേരളത്തിന് താങ്ങാൻ പറ്റുന്ന പദ്ധതി വരട്ടെയെന്നും സതീശൻ പറഞ്ഞു.
ഭരണത്തിൽ നിന്ന് ഇറങ്ങാനിരിക്കെയാണ് സംസ്ഥാനം റാപ്പിഡ് റെയിൽ പദ്ധതി കൊണ്ടുവരുന്നത്. എന്നാൽ പദ്ധതിയുടെ പ്രാരംഭ പഠനം പോലും നടത്താതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഏത് പദ്ധതി ആര് കൊണ്ടുവന്നാലും കോൺഗ്രസ് പിന്തുണയ്ക്കും നല്ല പദ്ധതിയാകണം അത്. കേരളത്തിന് ദോഷകരമായി ബാധിക്കാത്ത, സംസ്ഥാനത്തിന് നല്ലത് വരുന്ന ഏത് പദ്ധതിയെയും ഞങ്ങൾ പിന്തുണയ്ക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
സ്പ്രിംക്ലർ പദ്ധതി നടപ്പാക്കാതെ ഇട്ടിട്ട് ഓടിയത് ആരാണ്. പദ്ധതി വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ചത് പിണറായി വിജയനാണ്. ഇതുസംബന്ധിച്ച് വിവാദങ്ങൾ വന്നപ്പോൾ പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്തത്. പിന്നെ കോടതി എന്തുപറയാനാണ്. . ഒരു കുഴപ്പവും പദ്ധതിക്കില്ലെങ്കിൽ സർക്കാർ പദ്ധതി ഉപേക്ഷിച്ചതെന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സർക്കാറിനെതിരെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന സ്പ്രിംക്ലർ അഴിമതി ആരോപണം ഹൈക്കോടതി തള്ളിയിരുന്നു.കോവിഡ് കാലത്ത് ജനങ്ങളുടെ വ്യക്തിപരമായ ആരോഗ്യ വിവരങ്ങൾ ചോർത്തിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം.വിഷയത്തിൽ കഴിഞ്ഞ ദിവസം സർക്കാരിന് ഹൈക്കോടതി ക്ലീൻ ചിറ്റ് നൽകിയിരുന്നു.
