പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പ്രാഥമിക പരിശോധനയില്‍ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്നാണ് വിലയിരുത്തല്‍.
അതേസമയം കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലങ്ങളിലെ സ്ഥിതിയെ കുറിച്ചും സ്ഥാനാർത്ഥി സാധ്യതയെ കുറിച്ചും പഠിക്കുന്നതിനായി നിയോഗിച്ച ഏജൻസിയാണ് പാലക്കാട് ഉണ്ണി മുകുന്ദൻ്റെ പേര് നിർദേശിച്ചത്. സിനിമാതാരം എന്ന നിലയില്‍ ഉണ്ണി മുകുന്ദൻ്റെ പ്രശസ്തിയും ആളുകള്‍ക്കുള്ള ഇഷ്ടവും വോട്ടായി മാറുമെന്നാണ് വിലയിരുത്തല്‍. ഉണ്ണി ബിജെപി നിലപാടുകളെ പലപ്പോഴും പരസ്യമായി പിന്തുണയ്ക്കുകയും ചെയ്യാറുണ്ട്. ഇതു മൂലം ഉണ്ണിയോട് പാർട്ടി അനുഭാവികള്‍ക്കുള്ള താത്പര്യവും ഗുണകരമാകുമെന്നാണ് കരുതുന്നത്.
എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഉണ്ണിമുകുന്ദനോട് പാർട്ടി നേതൃത്വം ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. അതേസമയം മുൻ സംസ്ഥാന അധ്യക്ഷൻ എത്തിയാല്‍ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന പാലക്കോട് ബിജെപിയ്ക്ക് മേല്‍ക്കൈ നേടാനാകും എന്ന കണക്കുകൂട്ടലുമുണ്ട്. ശോഭ സുരേന്ദ്രൻ്റെ പേര് പരിഗണനയിലുണ്ടെങ്കിലും പാലക്കാടേക്ക് വരാനുള്ള താത്പര്യകുറവ് അവർ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.