നായാട്ടിന് പോയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞു; വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു; സംഭവം കോട്ടയം ഉഴവൂരിൽ

സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. ഉഴവൂര്‍ ഓക്കാട്ട് അഡ്വ.ജോബി ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. നായാട്ടിന് പോകുമ്പോഴായിരുന്നു അപകടം.



ഉഴവൂര്‍ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡില്‍ നിന്നുള്ള പോക്കറ്റ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ലൈസന്‍സുള്ള തോക്കുമായി സ്ഥിരമായി നായാട്ടിനു പോകാറുള്ളതാണ് ജോബി. പതിവുപോലെ തിങ്കളാഴ്ചയും നിറതോക്കുമായി സ്‌കൂട്ടറില്‍ പോകുകയായിരുന്നു.

പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞു. ഇതോടെ തോക്കുപൊട്ടി ചെവിയുടെ ഒരുവശത്ത് വെടിയുണ്ട തുളച്ചു കയറുകയായിരുന്നെന്ന് കുറവിലങ്ങാട് പൊലീസ് അറിയിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ വഴിയില്‍ വീണു കിടക്കുന്ന ജോബിയെയാണ് കണ്ടത്.
Previous Post Next Post