മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യഗ്രഹസമരം ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും സര്‍ക്കാരുമായി യോജിച്ച് സമരത്തിനു തങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ് വിഡിസതീശന്‍.
ഡല്‍ഹിയില്‍ ചെന്നാല്‍ മോദിയുടെയും അമിത് ഷായുടെയും മുന്‍പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും ആര്‍എസ്‌എസ് കുഴിച്ച കുഴിയിലാണ് പിണറായിയെന്നും സതീശന്‍ ആരോപിച്ചു.
'ഈ സര്‍ക്കാരുമായി യോജിച്ച് ഒരു സമരത്തിനും ഞങ്ങളില്ല. ഡല്‍ഹിയില്‍ ചെന്നാല്‍ മോദിയുടെയും അമിത് ഷായുടെയും മുന്‍പില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെ ഉള്ളത്. അവര്‍ പുറത്തു സമരം ചെയ്യുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും അകത്തുപോയി മോദി പറയുന്നതുപോലെ പേപ്പറില്‍ ഒപ്പുവയ്ക്കുകയും ചെയ്യും. പിഎംശ്രീ പദ്ധതിയില്‍ എന്താണ് ചെയ്തതെന്ന് വ്യക്തമാണ്. പരസ്പരം കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ബിജെപി നേതൃത്വവും സംസ്ഥാനത്തെ സിപിഎം നേതൃത്വവും തമ്മില്‍ ബാന്ധവത്തിലാണെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്കറിയാം'- സതീശന്‍ പറഞ്ഞു.
ഇതൊന്നും കൂടാതെ ബിജെപിയെ പോലെ ഭൂരിപക്ഷ വര്‍ഗീയതയെ സിപിഎം കേരളത്തില്‍ പ്രോത്സാഹിപ്പിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെ കൊണ്ട് വിദ്വേഷ പ്രസ്താവനകള്‍ നടത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എകെ ബാലനും അതിന് സമാനമായ ചില പ്രസ്താവനകള്‍ നടത്തിയപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. സംഘ്പരിവാര്‍ സഞ്ചരിക്കുന്ന അതേ വഴികളിലൂടെയാണ് സിപിഎമ്മും പിണറായി വിജയനും സഞ്ചരിക്കുന്നത്. മതങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്ന സംഘ്പരിവാറിന്റെ അതേ രീതി പിന്തുടരുകയാണ് സിപിഎം. ആര്‍എസ്‌എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയ ആളാണ് സിപിഎം മുഖ്യമന്ത്രി. ആര്‍എസ്‌എസ് കുഴിച്ച കുഴിയിലാണ് പിണറായിയെന്നും സതീശന്‍ പറഞ്ഞു.
എല്‍ഡിഎഫ് സമരത്തില്‍നിന്ന് ജോസ് കെ മാണി വിട്ടുനിന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. മുന്നണിയിലേക്ക് പുതുതായി ആരെങ്കിലും വന്നാല്‍ അത് മാധ്യമങ്ങളെ അറിയിക്കും. പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ ഒരാളുടെ രാജി എങ്ങനെയാണ് ആവശ്യപ്പെടുന്നതെന്നും സതീശന്‍ ചോദിച്ചു.
അതേസമയം, സംസ്ഥാനം മുന്നോട്ട് പോകാതിരിക്കാന്‍ ബോധപൂര്‍വം കേന്ദ്രം തടസമുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാളയം രക്തസാക്ഷി മണ്ഡപത്തിലെ സത്യഗ്രഹ വേദിയില്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ അവകാശങ്ങള്‍ പിടിച്ചുപറിക്കുന്ന സാഹചര്യത്തിലാണ് സമരത്തിന് ഇറങ്ങേണ്ടി വന്നതെന്നും കേന്ദ്രം പക പോക്കുമ്പോഴും കേരളത്തിലെ യുഡിഎഫ് അതിന്റെ കൂടെ നില്‍ക്കുകയാണെന്നും പിണറായി പറഞ്ഞു.