വെന്വസ്വേലയില്‍ വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പിടികൂടിയതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ യുഎസ് വന്‍തോതിലുള്ള ആക്രമണം നടത്തിയതിന് ശേഷം നിക്കോളാസ് മഡ്യൂറോയെ പിടികൂടി വെനസ്വേലയില്‍ നിന്ന് നാടുകടത്തിയതായാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
'യുണൈറ്റഡ് സ്റ്റേറ്റ്സ് വെനസ്വേലയ്‌ക്കെതിരെയും അതിന്റെ നേതാവായ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയ്‌ക്കെതിരെയും വന്‍തോതിലുള്ള പ്രഹരം വിജയകരമായി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുന്നു. ഈ പ്രവര്‍ത്തനം യുഎസ് നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ചാണ് നടത്തിയത്.' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
നിക്കൊളാസ് മഡുറോയുടെ കാരക്കസിലെ വസതി യുഎസ് സൈന്യം വളയുമ്ബോള്‍ സുരക്ഷിതമായ മുറിയിലേക്കുള്ള മാറാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹവും ഭാര്യയുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
മഡുറോ വാതിലിന് അരികെ വരെയെത്തി. പക്ഷേ ആ വാതില്‍ അടയ്ക്കാന്‍ കഴിയും മുന്‍പേ സൈന്യം വളഞ്ഞു. മഡുറോയ്ക്കും ഭാര്യയ്ക്കും കീഴടങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു.
യുഎസ് സേനകള്‍ സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ മുന്നൊരുക്കങ്ങളും നടപടികളും നാടകീയ നിമിഷങ്ങളും വിവരിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം എത്തിയപ്പോള്‍ മഡുറോ എന്തു ചെയ്‌തെന്ന ചോദ്യത്തിന് ട്രംപ് മറുപടി പറഞ്ഞത്. ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ് എന്നു പേരിട്ട സൈനിക നടപടിക്കായി മഡുറോയുടെ വസതിയുടെ മാതൃക നിര്‍മിച്ച് ഡെല്‍റ്റ ഫോഴ്‌സ് മാസങ്ങളോളം പരിശീലനം നടത്തി. അതീവസുരക്ഷ ഉറപ്പാക്കി സ്ഥാപിച്ച ലോഹവാതിലുകള്‍ തകര്‍ത്ത് ഉള്ളില്‍ പ്രവേശിക്കുന്നതിന്റെ രീതിയുള്‍പ്പെടെ പരിശീലിച്ചു. സിഐഎയുടെ സംഘം ഓഗസ്റ്റ് മുതല്‍ വെനസ്വേലയിലുണ്ടായിരുന്നു. മഡുറോയുടെ ദിനചര്യ, നീക്കങ്ങള്‍ എന്നിവയെല്ലാം പഠിച്ചു.
ദൗത്യത്തിന് 4 ദിവസം മുന്‍പേ ട്രംപ് അനുമതി നല്‍കിയെങ്കിലും മേഘങ്ങളൊഴിഞ്ഞ നല്ല കാലാവസ്ഥയ്ക്കായി അല്പം കൂടി കാത്തിരിക്കാനായിരുന്നു ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനം. അങ്ങനെ മാറ്റി വച്ച ഔത്യം ഒടുവില്‍ വിജയകരമായി നടപ്പാക്കിയത് ശനിയാഴ്ച പുലര്‍ച്ചെ. ഫ്‌ലോറിഡയിലെ പാം ബീച്ചിലുള്ള വസതിയില്‍ ട്രംപും സംഘവും ആ ദൗത്യം തത്സമയം കണ്ടു.