തടവുകാരുടെ വേതനത്തിൽ 30 ശതമാനം വിക്ടിം റിലീഫ് ഫണ്ടിലേക്ക്, ഉത്തരവ് കർശനമായി നടപ്പാക്കാൻ സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ ജയിൽ അന്തേവാസികൾക്കുള്ള വേതനം വർധിപ്പിച്ച തീരുമാനത്തിന് ഒപ്പം ഇരകളുടെ നഷ്ടപരിഹാര പദ്ധതിയും ഫലപ്രദമായി നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നു. തടവുകാർക്ക് ലഭിക്കുന്ന വേതനത്തിന്റെ 30 ശതമാനം (Victim Compensation Fund) ഇരകളുടെ നഷ്ടപരിഹാര പദ്ധതിയ്ക്കായി നീക്കിവയ്ക്കും. നഷ്ടപരിഹാര പദ്ധതിയുടെ ഭാഗമായി തടവുകാരുടെ വേതനത്തിന്റെ 30 ശതമാനം നീക്കിവയ്ക്കുന്നത് നിർബന്ധമാക്കുന്ന 2024 ലെ ഉത്തരവ് കർശനമായി നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. തടവുകാരുടെ കുടുംബത്തിന്റെ ഉപജീവനം, ഇരകൾക്കായി കോടതികളുടെ മേൽനോട്ടത്തിലുള്ള സഞ്ചിത നിധിയിലേക്കാണ് വിഹിതം മാറ്റിവെക്കപ്പെടുക.


ജയിൽ ജോലികളിൽ നിന്നുള്ള തടവുകാരുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് വിക്ടിം റിലീഫ് ഫണ്ടിലേക്ക് അടയ്ക്കാൻ 2024 നവംബറിൽ ആണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. കൂടാതെ 2025 ജനുവരിയോടെ ഈ നിർദ്ദേശം നടപ്പാക്കാനും ജയിൽ വകുപ്പിന് നിർദേശം നൽകിയിരുന്നു. എന്നാൽ തടവുകാർക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണെന്നും, ഇതിന്റെ മൂന്നിലൊന്ന് വിക്ടിം റിലീഫ് ഫണ്ടിലേക്ക് നീക്കിവച്ചാൽ പ്രതിസന്ധി രൂക്ഷമാകുമെന്നുമായിരുന്നു ജയിൽ വകുപ്പിന്റെ നിലപാട്. ഇത് അംഗീകരിച്ച് സർക്കാർ വേതനം പരിഷ്‌കരിക്കുന്നത് വരെ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.


വേതന പരിഷ്‌കരണത്തിന് പിന്നാലെ വിക്ടിം റിലീഫ് ഫണ്ട് ഉത്തരവ് നടപ്പാക്കാനാണ് സർക്കാർ നീക്കം. ജനുവരി 9 ന് പുറത്തിറക്കിയ സർക്കാർ ഉത്തരവ് പ്രകാരം തടവുകാരുടെ വേതനം ഏകദേശം 140 ശതമാനമാണ് വർധിപ്പിച്ചത്. തടവുകാരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. വിദഗ്ധർ, സെമി-സ്‌കിൽഡ്, അൺസ്‌കിൽഡ്. വിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 620 രൂപ ലഭിക്കും, സെമി-സ്‌കിൽഡ്, അൺസ്‌കിൽഡ് എന്നിവർക്ക് യഥാക്രമം 560 രൂപയും 530 രൂപയും ലഭിക്കും. പരിഷ്‌കരണത്തിന് മുൻപ് സെൻട്രൽ ജയിലുകളിൽ തടവുകാരുടെ വേതനം പ്രതിദിനം 63 രൂപ മുതൽ 168 രൂപ വരെയായിരുന്നു. തുറന്ന ജയിലുകളിലെ തടവുകാർക്ക് പ്രതിദിനം 230 രൂപ വരെ ആയിരുന്നു വേതനം. ഇതിന് മുൻപ് 2018-ലാണ് തടവുകാരുടെ വേതനം അവസാനമായി പരിഷ്‌കരിച്ചത്.


വേതനം വർധിപ്പിച്ച സാഹചര്യത്തിൽ 2024 ലെ ഉത്തരവ് നടപ്പിലാക്കാൻ സാഹചര്യമുണ്ടെന്ന് ജയിൽ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. നേരത്തെ തടവുകാർക്ക് 63 രൂപ മാത്രമാണ് ലഭിച്ചത്. മൂന്നിലൊന്ന് തുക കുറച്ചാൽ അവർക്ക് 21 രൂപ മാത്രമാണ് ലഭിക്കുക. സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ചാൽ തടവുകാരുടെ മിക്ക കുടുംബങ്ങളും തടവുകാർ നേടുന്ന വേതനത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഈ സാഹതര്യത്തിൽ വിക്ടിം റിലീഫ് ഫണ്ടിലേക്ക് വിഹിതം പിടിക്കുന്ന സർക്കാർ തീരുമാനം നടപ്പാക്കിയാൽ അത് മനുഷ്യത്വ വിരുദ്ധമാകുമായിരുന്നു. ഇപ്പോൾ വേതനം വർദ്ധിപ്പിച്ചതിനാൽ, ഉത്തരവ് നടപ്പിലാക്കുന്നതിൽ പ്രതിസന്ധിയുണ്ടാകില്ലെന്നും ജയിൽ അധികൃതർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഏകദേശം 10,000 തടവുകാരാണുള്ളത്. അതിൽ ഏകദേശം 4000 പേർ ജയിൽ ജോലികൾ ചെയ്യുന്നവരാണ്.

Previous Post Next Post