അധികാരത്തിൽ ഇരുന്ന് ഞെളിയരുത്, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാർഷ്ട്യവും; വിമർശിച്ച് വെള്ളാപ്പള്ളി


 

ആലപ്പുഴ: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ പരാജയത്തിൽ മേയർ ആര്യ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാർഷ്ട്യവും കാട്ടിയതാണ് പരാജയത്തിന് കാരണമെന്ന് വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. 'തിരുവനന്തപുരത്തെ മേയർ ആര്യ രാജേന്ദ്രനെ എല്ലാവരും കൂടെ പൊക്കി, അവർ അങ്ങ് പൊങ്ങുകയും ചെയ്തു. ഈ പൊങ്ങച്ചത്തിന്റെ ദോഷം ഉണ്ടായി. ആളുകളോടുള്ള പെരുമാറ്റം മോശമായിരുന്നു. അധികാരത്തിന്റെ ധാർഷ്ട്യമായിരുന്നു അവർക്ക്'- വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.


'അധികാരത്തിൽ ഇരിക്കുമ്പോൾ വിനയം കാട്ടാതെ പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാർഷ്ട്യവും കാട്ടിയതാണ് ചർച്ചാവിഷയമായത്. ഇതാണ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായത്. അധികാരത്തിൽ ഇരുന്ന് ഞെളിയരുത്. എന്തെല്ലാം നല്ല നേട്ടങ്ങൾ ചെയ്തിട്ടും അത് താഴെത്തട്ടിൽ അറിയിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചില്ല. പിന്നെ മസിലുപിടിത്തമുണ്ട്. ആളുകളോട് മാന്യമായിട്ടും സ്നേഹമായിട്ടും പെരുമാറേണ്ടതുണ്ട്'- വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിൽ ബിജെപി വോട്ടുഷെയർ വർദ്ധിപ്പിച്ചുവെന്നത് നേരുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.


ശ്രീനാരായണ പ്രസ്ഥാനം ഒരു മതത്തിനും എതിരല്ലെന്നും ആ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന തന്നെ ഒരു മുസ്ലീം വിരോധിയായി കണ്ടു ലീഗ് വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ലീഗുകാർ തന്നെ തേജോവധം ചെയ്തു. ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാർ. ലീഗുകാർക്ക് അഹങ്കാരമാണ്. മണിപവറും മസിൽ പവറും മാൻ പവറും ഉപയോഗിച്ച ലീഗുകാർ എസ്എൻഡിപി യോഗത്തെ തകർക്കാൻ ആളും അർഥവും നൽകിയതായും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.

Previous Post Next Post