കേരള കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
കടുത്തുരുത്തി മുൻ എംഎല്‍എ ആയിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് മാത്യു ദീർഘകാലമായി ചികിത്സയിലായിരുന്നു. 1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു. ഏറ്റവും ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു.
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സ് ചെയർമാൻ, കെ എസ് എഫ് ഇ വൈസ് ചെയർമാൻ, കേരള സർവ്വകലാശാല സെനറ്റ് അംഗം, കെ. എസ് സി പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.