തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പടെയുള്ളവർക്ക് ഇഡി നോട്ടീസ് അയച്ചത് രാഷ്ട്രീയക്കളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ തെരഞ്ഞെടുപ്പു കാലത്തും ഇങ്ങനെ ഒരു നോട്ടീസ് വരാറുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും അസംബ്ലി തെഞ്ഞടുപ്പിന്റെയും പാർലമെന്റ് തെരഞ്ഞെടുപ്പിന്റെയും കാലത്ത് ഇങ്ങനെ വന്നിരുന്നു. ഇപ്പോൾ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നോട്ടീസ് ലഭിക്കാത്തെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് നോട്ടീസ് വന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ഇതൊക്കെ രാഷ്ട്രീയക്കളിയാണ്. ഇതൊക്കെ കേരളത്തിന് മനസിലാകില്ലേ?. ഒരു ലക്ഷം കോടിയുടെ വികസനത്തിന് നേതൃത്വം നൽകിയവരാണ് കിഫ്ബി. കേരളത്തിന്റെ ഒരറ്റം മുതൽ മറ്റൊരു അറ്റംവരെ സഞ്ചരിച്ചാൽ കിഫ്ബിയുെട കൃത്യമായ പദ്ധതിയിലൂടെ മാത്രമേ ഏതൊരാൾക്കും സഞ്ചരിക്കാൻ കഴിയുകയുള്ളൂ. കിഫ്ബിയെ അപകീർത്തിപ്പെടുത്താൻ വേണ്ടി എത്രയോ കാലമായി യുഡിഎഫ് തുടങ്ങിയതാണ്. ഉമ്മൻ ചാണ്ടിയാണല്ലോ ഇത് തുടങ്ങിയത്. അതിനെ ഭാവനാപൂർവം ഉപയോഗിച്ചുവെന്ന് മാത്രമല്ലേ ഇടതുമുന്നണി ചെയ്തുവച്ച തെറ്റ്. ആ തെറ്റ് കേരളത്തിന് വേണ്ടിയാണ്. ആ തെറ്റ് കേരളം ഫലപ്രദമായി അംഗീകരിച്ചതാണെന്നും ഗോവിന്ദൻ പറഞ്ഞു.
എന്തിനാണ് തന്നെ വിളിച്ചതെന്ന് തോമസ് ഐസക് ഇഡിയോട് ചോദിച്ചിട്ട് ഇന്നുവരെ മറുപടി അവർ പറഞ്ഞിട്ടില്ല. ഇത് ബിജെപിയുടെ രാഷ്രീയ നിലപാട് ആണ്. രാഷ്ട്രീയ നിലപാട് അടിസ്ഥാനപ്പെടുത്തി കേരളത്തെ തകർക്കാനാണ് ശ്രമം. കേരളത്തോടുള്ള വെല്ലുവിളിയാണ് ഇത്. അല്ലാതെ മുഖ്യമന്ത്രിയോടും ഐസക്കിനോടുമുള്ള വെല്ലുവിളിയല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
